ആരുടെ കൈയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ, ഒരാള്‍ക്ക് കൊടുക്കാനാണ്; സാബു ജേക്കബിനെ പരിഹസിച്ച് പി.വി.ശ്രീനിജിന്‍

മാപ്പ് പറയണമെന്ന സാബു എം ജേക്കബിന്റെ ആവശ്യത്തെ പരിഹസിച്ച് പി.വി.ശ്രീനിജിന്‍ എംഎല്‍എ. ആരുടെ കൈയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണേ ഒരാള്‍ക്ക് കൊടുക്കാനാണെന്നും ഫേസ്ബുക്കില്‍ പി.വി.ശ്രീനിജിന്‍ വിമര്‍ശിച്ചു.
ട്വന്റി ട്വന്റിയോട് വോട്ട് ചോദിക്കും മുമ്പ് ട്വന്റി-20ക്കെതിരെ നടത്തിയ അക്രമങ്ങളില്‍ പി.വി.ശ്രീനിജിന്‍ എംഎല്‍എ മാപ്പ് പറയണമെന്ന് സാബു എം.ജേക്കബ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കിറ്റക്‌സ് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി എന്താണ് കണ്ടെത്തിയതെന്ന് സര്‍ക്കാര്‍ പറയണമെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്ക് പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉടന്‍ പ്രത്യേക യോഗം ചേരുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ്. യോഗത്തില്‍ ചര്‍ച്ച നടത്തി ആര്‍ക്കാണ് പിന്തുണ നല്‍കുകയെന്ന് തീരുമാനിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയിലെ എം.എല്‍.എ ശ്രീനിജന്‍ അഭിപ്രായപ്പെട്ടത് ട്വന്റി ട്വന്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ഭയന്നോടുകയാണെന്നാണ്. ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവരെ ഇടതുമുന്നണി ഇടപെട്ട് തടയണം. തുടര്‍ ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയായിരിക്കും തെരഞ്ഞെടുപ്പ് ഫലം. നിലപാടുകളും സില്‍വന്‍ലൈന്‍ ഉള്‍പ്പടെയുള്ള വികസന കാഴ്ച്ചപ്പാടുകളും വിലയിരുത്തപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം പിടിക്കാന്‍ നാലാം മുന്നണി പ്രഖ്യാപിച്ച് ആം ആദ്മിയും ട്വന്റി ട്വന്റിയും രംഗത്തെത്തിയതിന് പിന്നാലെ സഖ്യത്തില്‍ പ്രതികരണവുമായി മുന്‍ എം.എല്‍.എ എം. സ്വരാജെത്തിയിരുന്നു. ട്വന്റി 20 – ആം ആദ്മി സഖ്യത്തിന്റെ നിലപാടുകള്‍ ഇടത് പക്ഷ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് എം സ്വരാജ് പറഞ്ഞു. തൃക്കാകരയില്‍ അവര്‍ക്ക് ഇടതുപക്ഷത്തോടേ യോജിക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാര്‍ തൃക്കാക്കരയില്‍ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നു എന്ന വി.ഡി സതീശന്റെ ആരോപണത്തോടും എം. സ്വരാജ് പ്രതികരിച്ചു. ശുദ്ധ അസംബന്ധമാണ് സതീശന്‍ പറയുന്നതെന്നും വി.ഡി. സതിശന്റേത് പരാജയപ്പെടും എന്ന ഭയം ഉണ്ടായപ്പോഴുള്ള വിലാപമാണ്. മന്ത്രിമാരുടെ ഗൃഹസന്ദര്‍ശന പരിപാടിയില്‍ വി.ഡി. സതീശനെ സ്വാഗതം ചെയ്യുകയാണ്. അദ്ദേഹം വന്ന് ഞങ്ങളുടെ പ്രചാരണ രീതി കാണട്ടെ.- എം സ്വരാജ് വ്യക്തമാക്കി.
തൃക്കാക്കരയില്‍ മന്ത്രിമാര്‍ അവരവരുടെ മതത്തിലും ജാതിയിലും പെട്ട വീടുകള്‍ കയറിയിറങ്ങി വോട്ട് ചോദിക്കുന്നു എന്നായിരുന്നു വി.ഡി സതീശന്റെ വിമര്‍ശനം. മതേതരകേരളത്തിന് ഇത് അപമാനമാണെന്നും പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും സതീശന്‍ പറഞ്ഞിരുന്നു.
Story Highlights: If anyone has a Kunnamkulam map, please give it to someone; PV Sreenijin mocks Sabu Jacob
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here