നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റിൽ. തെളിവ് നശിപ്പിച്ചതിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ വിഐപി ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകരെ പ്രതിചേർക്കും. ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ അഭിഭാഷകരായ ഫിലിപ്പ് വർഗീസ്, സുജേഷ് എന്നിവരെയാണ് പ്രതിചേർക്കുക. തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ ശ്രമിച്ചെന്ന് സൈബർ വിദഗ്‌ധൻ സായ് ശങ്കർ മൊഴി നൽകിയിരുന്നു.
Read Also: ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ നിർദേശിച്ചു; അഭിഭാഷകരെ പ്രതി ചേർക്കും
വിവരങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പും ഐ മാക്കും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിലാണെന്നും സായ് ശങ്കർ പറഞ്ഞിരുന്നു. ഫോൺവിവരങ്ങൾ നശിപ്പിച്ചത് കൊച്ചിയിലെ ആഡംബരഹോട്ടലിലും രാമൻപിള്ളയുടെ ഓഫീസിലുംവച്ചാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 12 നമ്പറുകളിൽനിന്നുള്ള വാട്‌സാപ് ചാറ്റുകളും ശബ്ദസന്ദേശങ്ങളുമാണ് നീക്കിയത്. കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ അഭിഭാഷകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.
Story Highlights: One more arrest in actress assault case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here