ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് മറിഞ്ഞ് 3 മരണം, 25 പേർക്ക് ഗുരുതര പരുക്ക്

ഉത്തർപ്രദേശിലെ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് 3 പേർ കൊല്ലപ്പെട്ടു. ഉന്നാവോ ജില്ലയിലെ ബംഗർമൗ മേഖലയിലെ സിദ്ധാർപൂർ ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ 25 പേർക്ക് ഗുരുതരമായി പരുക്കേറ്റു.
85 യാത്രക്കാരുമായി ജയ്പൂരിൽ നിന്ന് ബീഹാറിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ബംഗർമൗ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അങ്കിത് ശുക്ല പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ 25 പേരിൽ ചിലരെ കാൺപൂരിലെ ജില്ലാ ആശുപത്രിയിലേക്കും, ബാക്കിയുള്ളവരെ ബംഗർമൗവിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചു. രണ്ടുപേർ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ജില്ലാ ആശുപത്രിയിലുമാണ് മരിച്ചത്.
മരിച്ചവരിൽ ഒരാൾ ബിഹാർ സ്വദേശിയാണ്. മറ്റ് രണ്ട് പേരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. നിസാര പരുക്കേറ്റ 55 യാത്രക്കാരെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വീടുകളിലേക്ക് അയച്ചതായി അങ്കിത് ശുക്ല കൂട്ടിച്ചേർത്തു.
Story Highlights: 3 Killed, 25 Severely Injured As Bus Overturns On Lucknow-Agra Expressway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here