ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അയൽരാജ്യത്തിന് അധികാരമില്ല; പാക്ക് പ്രമേയം തള്ളി ഇന്ത്യ

ജമ്മു കശ്മീർ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് പാക്ക് ദേശീയ അസംബ്ലി പാസാക്കിയ പ്രമേയം തള്ളി ഇന്ത്യ. രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അയൽരാജ്യത്തിന് അധികാരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. പ്രമേയത്തെ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ വക്താവ്.
ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മുഴുവൻ സ്ഥലങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി എന്നും നിലനിൽക്കും. അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് പാകിസ്താൻ പാസാക്കിയ പ്രമേയം വെറും പ്രഹസനമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ആഭ്യന്തര കാര്യങ്ങളിൽ പാക്ക് നേതൃത്വം ഇടപെടുകയും, പ്രകോപനപരമായ ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ഭരണ പ്രദേശങ്ങളുടെ അതിർത്തി നിർണയം വിപുലമായ കൂടിയാലോചനകളിലൂടെ നടത്തേണ്ട ജനാധിപത്യ പ്രവർത്തനമാണ്. പാക്ക് അധിനിവേശ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും, പാകിസ്താൻ്റെ അതിർത്തി കടന്നുള്ള ഭീകരത നിർത്തണമെന്നും ബാഗ്ചി ആവശ്യപ്പെട്ടു.
Story Highlights: India rejects Pak National Assembly’s ‘farcical resolution’ on delimitation exercise in J&K
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here