ഇന്ത്യക്കെതിരായ ടി-20 പരമ്പര; ദക്ഷിണാഫ്രിക്കൻ ടീമിൽ മുംബൈ ഇന്ത്യൻസ് താരം

ഇന്ത്യക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടെംബ ബാവുമയാണ് ക്യാപ്റ്റൻ. അടുത്ത മാസം 9 മുതൽ 19 വരെയാണ് അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പര നടക്കുക. (south africa team india)
മുംബൈ ഇന്ത്യൻസിൻ്റെ യുവ വിക്കറ്റ് കീപ്പർ ട്രിസ്റ്റൻ സ്റ്റബ്സിന് ആദ്യമായി ദേശീയ ടീമിലേക്ക് വിളിയെത്തി. 2017ന് ശേഷം ആദ്യമായി വെയിൻ പാർണലിനും ടീമിൽ ഇടം ലഭിച്ചു.
Read Also: ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത
ദക്ഷിണാഫ്രിക്കൻ ടീം:
ടെംബ ബാവുമ, എയ്ഡൻ മാർക്രം, കഗീസോ റബാഡ, ക്വിന്റൺ ഡി കോക്ക്, ഡേവിഡ് മില്ലർ, തബ്രൈസ് ഷംസി, റീസ ഹെൻറിക്സ്, ലുങ്കിസാനി എൻഗിഡി, ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച് ക്ലാസ്സൻ, ആൻറിച് നോർക്കിയ, റസ്സി വാൻ ഡെർ ഡുസ്സൻ, കേശവ് മഹാരാജ്, വെയിൻ പാർണൽ, മാർക്കോ ജാൻസൻ, ഡ്വെയിൻ പ്രിട്ടോറിയസ്
ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ ഐപിഎലിൽ മികവുകാട്ടിയ താരങ്ങൾക്ക് പരമ്പരയിൽ അവസരം നൽകുമെന്നും ക്രിക്‌ബസ് റിപ്പോർട്ട് ചെയ്യുന്നു.
മുംബൈ ഇന്ത്യൻസിൻ്റെ യുവ ബാറ്റർ തിലക് വർമ്മ, സൺറൈസേഴ്സിൻ്റെ എക്സ്പ്രസ് പേസർ ഉമ്രാൻ മാലിക്ക്, പഞ്ചാബ് കിംഗ്സിൻ്റെ സ്റ്റാർ പേസർ അർഷ്ദീപ് സിംഗ് എന്നിവരൊക്കെ ടീമിൽ ഇടം നേടിയേക്കുമെന്നാണ് സൂചന. ഹാർദ്ദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, ഭുവനേശ്വർ കുമാർ, പ്രസിദ്ധ് കൃഷ്ണ, ഋതുരാജ് ഗെയ്ക്‌വാദ്, ദീപക് ഹൂഡ തുടങ്ങിയ താരങ്ങളും ടീമിൽ കളിക്കും.
ജൂൺ 9 മുതൽ 19 വരെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര. ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യ യുകെയിലേക്ക് പറക്കും. യുകെയിൽ അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ ഇന്ത്യക്ക് മത്സരങ്ങളുണ്ട്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. അയർലൻഡിനെതിരായ ടി-20 മത്സരത്തിലും ഇന്ത്യ യുവതാരങ്ങളെ അണിനിരത്തും.
ആദ്യ ടി-20 ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് നടക്കുക. യഥാക്രമം കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവിടങ്ങളിൽ ജൂൺ 9, 12, 14, 17, 19 തീയതികളിലാണ് മത്സരങ്ങൾ.
Story Highlights: south africa team india t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here