അപ്രതീക്ഷിത നീക്കം; ഉമ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു ഡി വൈ എഫിനെതിരെ പരാതിയുമായി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബോസ്കോ കളമശേരി. യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നൽകുമെന്ന് പരസ്യത്തിന് എതിരെയാണ് പരാതി. കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസിന്റെ പേരിലായിരുന്നു പ്രഖ്യാപനം.
ഇങ്ങനെ ബൂത്തിന് 25001 രൂപ കൊടുക്കുമെന്നുള്ള കാർഡ് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് പരാതി. പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള നീക്കമാണിതെന്നാണ് ബോസ്കോയുടെ പരാതി. ഉമ തോമസിനെതിരെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാതി നൽകിയത്. ഉമയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
തൃക്കാക്കരയിൽ മന്ത്രിമാർ ജാതി നോക്കി വോട്ട് പിടിക്കുന്നെന്ന ആരോപണം വീണ്ടും ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. വലിയ മാർജിനിൽ എൽഡിഎഫ് തോൽക്കുന്നത് മുഖ്യമന്ത്രിക്ക് അപമാനമാണ്. അതുകൊണ്ടുതന്നെ ജാതി പറഞ്ഞ് വോട്ട് പിടിച്ച് ഉമ തോമസിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് എൽഡിഎഫ് നേതാക്കളുടെ ശ്രമം. ഇതുശരിയായ മാർഗമല്ലെന്നും അദ്ദേഹം ആരോപിച്ചു.
Read Also:തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഡെപ്യൂട്ടി കളക്ടറെ സ്ഥലംമാറ്റി
സോഷ്യൽ എൻജിനീയറിംഗ് എന്ന ഓമനപ്പേരിൽ ജാതി പറഞ്ഞ് വോട്ടു തേടുകയാണ്. അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാർ വീടുകളിൽ കയറി വോട്ട് ചോദിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ് എൽഡിഎഫ്. മതേതര കേരളത്തിന് അപമാനമാണ് മന്ത്രിമാരുടെ നടപടിയെന്ന് വിഡി സതീശന്‍ വീണ്ടും വിമർശിച്ചു.
മുഖ്യമന്ത്രി നായയാണെന്നല്ല താന്‍ പറഞ്ഞതെന്നും ചങ്ങല പൊട്ടിയ നായ എന്നത് മലബാറിലുള്ള ഒരു ഉപമയാണെന്നും വിശദീകരിച്ച് കെ സുധാകരന്‍ രംഗത്തെത്തി. അങ്ങനെ മുഖ്യമന്ത്രിക്ക് തോന്നുന്നെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നു. ഭരണ സംവിധാനം ദുരുപയോഗം ചെയ്തതിനെ കുറ്റപ്പെടുത്തുകയാണ് താന്‍ ചെയ്തതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തെല്ലാം പദങ്ങളാണ് മലയാളത്തിന് നല്‍കിയിട്ടുള്ളത്? കുലംകുത്തി, നികൃഷ്ടജീവി, മുതലായ പ്രയോഗങ്ങളെല്ലാം മലയാളത്തിന് മുഖ്യമന്ത്രി നല്‍കിയ സംഭാവനയാണ്. ഇങ്ങനെയുള്ള മുഖ്യമന്ത്രിക്ക് ഞാന്‍ പറഞ്ഞ ഉപമ കേട്ട് അദ്ദേഹത്തെ ഞാന്‍ നായയെന്ന് വിളിച്ചതായി തോന്നിയെങ്കില്‍ ഞാന്‍ പരാമര്‍ശം പിന്‍വലിക്കുന്നു. മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്ന ഒരു വാക്കും ഞാന്‍ ഉപയോഗിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
Story Highlights: Complaint to the Election Commission against Uma Thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here