Advertisement

78.9 ശതമാനം വീടുകളിലും സൈക്കിളുകൾ; ഇന്ത്യയുടെ സൈക്കിൾ നഗരമായി പശ്ചിമ ബംഗാൾ…

May 18, 2022
Google News 2 minutes Read

പശ്ചിമ ബംഗാളിലെ 78.9 ശതമാനം വീടുകളിലും സൈക്കിളുകൾ ഉണ്ടെന്ന് നാഷണൽ ഫാമിലി ഹെൽത്ത് സർവേ റിപ്പോർട്ട്. രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ സൈക്കിളുള്ള നഗരമെന്ന അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് പശ്ചിമ ബംഗാൾ. 75.6 ശതമാനം കുടുംബങ്ങൾക്കും സൈക്കിൾ കൈവശമുള്ള ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്താണ്. സംസ്ഥാന സർക്കാരിന്റെ ‘സബൂജ് സതി’ പദ്ധതിയുടെ ഭാഗമായി, 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ നൽകുന്നുണ്ട്. പശ്ചിമ ബംഗാളിൽ സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഇതാണ്. ഈ പദ്ധതി വിദ്യാർത്ഥികളെ മാത്രമല്ല അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നുവെന്ന് പശ്ചിമ ബംഗാളിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കൃത്യമായി പൊതുഗതാഗതം ഇല്ലാത്ത പ്രദേശങ്ങളിൽ പലരുടെയും യാത്രാമാർഗ്ഗം സൈക്കിളാണ് എന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ഗ്രാമീണ പ്രദേശങ്ങളിൽ മാത്രമല്ല, പരിസ്ഥിതി സൗഹൃദമായതിനാൽ കൊൽക്കത്തയ്ക്ക് സമീപമുള്ള ന്യൂ ടൗൺ പോലുള്ള പ്രദേശങ്ങളിലും സൈക്കിളുകൾക്ക് മുൻഗണന നൽകുന്നുണ്ട്. സാൾട്ട് ലേക്ക്, ന്യൂ ടൗൺ പോലുള്ള റോഡുകൾക്ക് സമീപം പ്രത്യേക സൈക്കിൾ പാതകൾ നിർമ്മിക്കുന്നുണ്ട്. മറ്റുള്ള പ്രദേശങ്ങളിലും അത്തരം പാതകൾ നിർമ്മിക്കാൻ പദ്ധതിയുണ്ട് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

‘സബൂജ് സതി’ പദ്ധതി പ്രകാരം മെയ് 11 വരെ 1,03,97,444 വിദ്യാർത്ഥികൾക്കാണ് പശ്ചിമ ബംഗാളിൽ സൈക്കിളുകൾ കൊടുത്തത്. ഇന്ന് ഞാൻ അതീവ സന്തോഷവതിയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ഇതിനോട് പ്രതികരിച്ചു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒഡീഷയിൽ 72.5 ശതമാനം കുടുംബങ്ങൾക്കും സൈക്കിൾ ഉണ്ട്, ഛത്തീസ്ഗഡിൽ ഇത് 70.8 ശതമാനമാണ്. തൊട്ടുപിന്നിൽ അസം (70.3 ശതമാനം), പഞ്ചാബ് (67.8 ശതമാനം), ജാർഖണ്ഡ് (66.3 ശതമാനം), ബീഹാർ (64.8 ശതമാനം) എന്നിങ്ങനെയാണ് 2019-21ലെ റിപ്പോർട്ട്.

നാഗാലാൻഡിലാണ് ഏറ്റവും കുറവ് സൈക്കിൾ കൈവശമുള്ളത് – 5.5 ശതമാനം. സിക്കിമിൽ ഇത് 5.9 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളിൽ, ഗുജറാത്തിൽ 29.9 ശതമാനം കുടുംബങ്ങൾക്കും സൈക്കിൾ ഉണ്ട്, ഡൽഹിയിൽ ഇത് 27.2 ശതമാനമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Story Highlights: West Bengal Is The Cycle Capital Of India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here