ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയില്‍ ഒരു ജനറേറ്റര്‍ കൂടി തകരാറില്‍

സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയില്‍ ഒരു ജനറേറ്റര്‍ കൂടി തകരാറില്‍. മൂന്നു ജനറേറ്റര്‍ പണിമുടക്കിയതോടെ ഉല്‍പാദനത്തില്‍ നൂറ്റിയെഴുപത്തിയഞ്ച് മെഗാവാട്ടിന്റെ കുറവുണ്ടാകും. മഴ ശക്തമാകുന്നതിനു മുന്‍പ് പരമാവധി ഉല്‍പാദനമെന്ന കെഎസ്ഇബിയുടെ ശ്രമത്തിന് തിരിച്ചടിയാണിത്.
ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ നാലാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തന രഹിതമായിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ ആറാം നമ്പര്‍ ജനറേറ്ററും നിശ്ചലമായി. ഞായറാഴ്ച്ച വൈകുന്നേരം മുതല്‍ അഞ്ചാം നമ്പര്‍ ജനറേറ്റും പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ശബരിഗിരിയില്‍ നിന്നുള്ള ഉത്പാദനത്തില്‍ നൂറ്റിയെഴുപത്തിയഞ്ച് മെഗാവാട്ടിന്റെ കുറവുണ്ട്. അഞ്ചാം നമ്പര്‍ ജനറേറ്ററിന്റെ ഉത്പ്പാദം ശേഷി 55 മെഗാവാട്ടാണ്. മൂലമറ്റത്ത് നിന്നു വിദഗ്ധ തൊഴിലാളികളെ എത്തിച്ചു. ഈ ആഴ്ച്ച തന്നെ ഒരു ജനറേറ്ററിന്റെയെങ്കിലും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ മുപ്പത് ശതമാനത്തോളം ജലമുണ്ട് സംഭരണിയില്‍. മഴ നേരത്തെ എത്തിയതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കുകള്‍ സജീവമാണ്. ശേഷിക്കുന്ന ജലം കാലവര്‍ഷത്തിന് മുന്‍പ് പരമാവധി പ്രയോജനപ്പെടുത്താന്‍ കെഎസ്ഇബി തീവ്ര ശ്രമം നടത്തുന്നതിനിടെയാണ് ഒരു ജനറേറ്റര്‍ കൂടി തകരാറിലായത്. നിലവില്‍ സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധിയില്ലെന്ന് ബോര്‍ഡ് അറിയിച്ചു.
Story Highlights: Another generator breaks down at Sabarigiri hydropower project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here