Advertisement

കെപിസിസി പ്രസിഡന്റിനെതിരായ കേസ്; കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്

May 19, 2022
Google News 2 minutes Read
Congress protest today

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി .യു.രാധാകൃഷ്ണന്‍ അറിയിച്ചു ( Congress protest today ).

സിപിഐഎം പ്രവര്‍ത്തകന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കെ.സുധാകരന് എതിരെ കേസെടുത്തത്. ഐപിസി 153 അനുസരിച്ചാണ് കേസ്. വിവാദ പരാമര്‍ശം പിന്‍വലിച്ച കെ.സുധാകരന്റെ രാഷ്ട്രീയ മര്യാദ തിരിച്ചും കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് സിപിഐഎം തയാറല്ല എന്നതിന്റെ സൂചനയാണ് നിലവിലെ കേസ് നടപടി.

‘ചങ്ങലപൊട്ടിയ നായ’ എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമര്‍ശം. ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജ്, പി രാജീവ് എന്നിവര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ കെ സുധാകരന്‍ പരാമര്‍ശം പിന്‍വലിക്കുകയും ചെയ്തു. ‘മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തെല്ലാം പദങ്ങളാണ് മലയാളത്തിന് നല്‍കിയിട്ടുള്ളത്? കുലംകുത്തി, നികൃഷ്ടജീവി, മുതലായ പ്രയോഗങ്ങളെല്ലാം മലയാളത്തിന് മുഖ്യമന്ത്രി നല്‍കിയ സംഭാവനയാണ്. ഇങ്ങനെയുള്ള മുഖ്യമന്ത്രിക്ക് ഞാന്‍ പറഞ്ഞ ഉപമ കേട്ട് അദ്ദേഹത്തെ ഞാന്‍ നായയെന്ന് വിളിച്ചതായി തോന്നിയെങ്കില്‍ ഞാന്‍ പരാമര്‍ശം പിന്‍വലിക്കുന്നു. മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്ന ഒരു വാക്കും ഞാന്‍ ഉപയോഗിച്ചിട്ടില്ല’. സുധാകരന്‍ പറഞ്ഞു.

കെ.സുധാകരന് എതിരെ കേസ് എടുത്തത് ഇരട്ട നീതിയെന്ന് ലീഗ് നേതാവ് എം.കെ.മുനീര്‍ പറഞ്ഞു. പി.ടി.യെ അപമാനിച്ച എം.എം.മണിക്ക് എതിരെ കേസ് എടുത്തില്ല. കേസ് എടുക്കല്‍ ഒരു ഭാഗത്ത് മാത്രം ആവരുത്. ഇത് നീതിയല്ല. കേസെടുത്തത് തൃക്കാക്കരയെ ബാധിക്കില്ലെന്നും മുനീര്‍ പറഞ്ഞു.

Read Also: മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദ പരാമര്‍ശം; സുധാകരന്‍ എന്തും പറയാന്‍ മടിയില്ലാത്തയാളെന്ന് എം.എം.മണി

മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനമാണ് എം.എം.മണി നടത്തിയത്. സുധാകരന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തയാളാണ്. രാഷ്ട്രീയ മര്യാദക്ക് നിരക്കാത്ത പെരുമാറ്റമാണുണ്ടായത്. കെ.സുധാകരന്‍ പറഞ്ഞത് അങ്ങേയറ്റത്തെ അസംബന്ധമെന്നും എം.എം.മണി പറഞ്ഞു.

ഭീഷണി മുഴക്കി കെപിസിസി പ്രസിഡന്റ് ആയ ആളാണ്. കെപിസിസി പ്രസിഡന്റാക്കിയില്ലെങ്കില്‍ താന്‍ ബിജെപിയില്‍ കൂടുമെന്ന് സോണിയാ ഗാന്ധിയോട് പറഞ്ഞയാളാണ്. അവര് പേടിച്ച് അയാളെ ആക്കിയതാണ്. കെപിസിസി പ്രസിഡന്റ് ആയശേഷം തനിസ്വഭാവം കാണിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ധീരജ് കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇരന്നു വാങ്ങിയതാണെന്നാണ്. രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്ത പെരുമാറ്റം യുഡിഎഫില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും എം.എം.മണി പറഞ്ഞു.

Story Highlights: Case against KPCC president; Congress protest today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here