Advertisement

കൂളിമാട് പാലം; പൊതുമരാമത്ത് മന്ത്രിയെ മാറ്റി നിറുത്തി അന്വേഷണം നടത്തണമെന്ന് എം.കെ.മുനീര്‍

May 19, 2022
Google News 2 minutes Read
Coolimad Bridge MK Muneer

കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിര്‍മിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രിയെ മാറ്റി നിറുത്തി അന്വേഷണം നടത്തണമെന്ന് എം.കെ.മുനീര്‍ എംഎല്‍എ. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിനെയും മന്ത്രിയെയും വെള്ളപൂശാനുള്ള ശ്രമമാണ് വിജിലന്‍സ് അന്വേഷണത്തിലൂടെ നടക്കുന്നത്. കിഫ്ബി ന്യായീകരണ തൊഴിലാളി ആയി മാറിയെന്നും എം.കെ.മുനീര്‍ എംഎല്‍എ കുറ്റപ്പെടുത്തി ( Coolimad Bridge MK Muneer ).

അതേസമയം, കൂളിമാട് പാലം അപകടത്തിന് കാരണം യന്ത്രത്തകരാറെന്ന് കിഫ്ബി വ്യക്തമാക്കി. അപകടത്തിന് കാരണം ഗര്‍ഡര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ഹൈഡ്രോളിക് ജാക്കികളുടേതാണ് തകരാര്‍. നിര്‍മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണ നിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്ചയില്ലെന്നും കിഫ്ബി പറഞ്ഞു.

നിര്‍മാണത്തില്‍ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളില്‍ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടം. യഥാര്‍ഥകാരണം ഗര്‍ഡറുകള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കുകള്‍ക്കുണ്ടായ യന്ത്രത്തകരാറാണ്. ഗുണനിലവാര പ്രശ്‌നമല്ല തൊഴില്‍നൈപുണ്യം ആയി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ മാത്രമാണ് അപകടത്തിന് കാരണമായത്. ഗര്‍ഡറുകളുടെ ക്യൂബ് സ്‌ട്രെങ്ത് തികച്ചും തൃപ്തികരമായ നിലയില്‍ തന്നെയാണുള്ളതെന്നും കിഫ്ബി പറയുന്നു.

Read Also: മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദ പരാമര്‍ശം; സുധാകരന്‍ എന്തും പറയാന്‍ മടിയില്ലാത്തയാളെന്ന് എം.എം.മണി

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാര്‍. 2019 മാര്‍ച്ച് ഏഴിനാണ് പാലം നിര്‍മാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതനുസരിച്ച് ഫൗണ്ടേഷനും സബ് സ്ട്രക്ചറും പൂര്‍ത്തിയായി. സൂപ്പര്‍ സ്ട്രക്ചറിന്റെ പണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിര്‍മാണ പുരോഗതി എഴുപത്തെട്ട് ശതമാനമാണ്. സൈറ്റില്‍ തന്നെ ഉണ്ടാക്കിയെടുക്കുന്ന രീതിയിലായിരുന്നു ഗര്‍ഡറുകളുടെ നിര്‍മാണം. താത്ക്കാലിക താങ്ങും ട്രസും നല്‍കി പിയര്‍ ക്യാപിന്റെ മധ്യത്തിലായാണ് ഗര്‍ഡറുകള്‍ നിര്‍മിച്ചത്. തൊണ്ണൂറ് മെട്രിക് ടണ്‍ ആണ് ഓരോ ഗര്‍ഡറിന്റെയും ഏകദേശഭാരം. ആദ്യ ഘട്ട സ്‌ട്രെസിങ്ങിനു ശേഷം ഓരോ ഗര്‍ഡറുകളെയും അതാതിന്റെ സ്ഥാനങ്ങളിലേക്ക് മാറ്റും. കൃത്യമായ സ്ഥാനങ്ങളിലേക്ക് വിന്യസിക്കുന്നതിന് മുന്നോടിയായി ഈ ഗര്‍ഡറുകളെ 100150 മെട്രിക് ടണ്‍ ശേഷിയുള്ള ഹൈഡ്രോളിക് ജാക്കുകള്‍ ഉപയോഗിച്ച് തടി കൊണ്ടുള്ള ബ്ലോക്കുകളിലേക്ക് ഉയര്‍ത്തും. മെയ് 16 ന് മൂന്നാം ഗര്‍ഡറിനെ പുഴയുടെ രണ്ടു ദിശകളിലായി രണ്ടു ഹൈഡ്രോളിക് ജാക്കുകള്‍ ഉപയോഗിച്ച് യഥാസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിക്കുകയായിരുന്നു. ഈ രണ്ടു ഹൈഡ്രോളിക് ജാക്കുകളുടെയും ചലനങ്ങള്‍ ഏകോപിപ്പിച്ചാണ് ചെയ്തിരുന്നത്. ആദ്യ ഘട്ടത്തിലെ താഴ്ത്തല്‍ പൂര്‍ത്തിയായ ശേഷം ഒരു വശത്തെ ജാക്കിന്റെ പിസ്റ്റണ്‍ പെട്ടെന്ന് അകത്തേക്ക് തിരിയുകയും ഇതേത്തുടര്‍ന്ന് മൂന്നാം ഗര്‍ഡര്‍ ഒരു വശത്തേക്ക് ചരിയുകയും ആണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് മൂന്നാം ഗര്‍ഡര്‍ രണ്ടാം ഗര്‍ഡറിന്റെ പുറത്തേക്ക് വീണു. ഈ ആഘാതത്തിന്റെ ഫലമായി രണ്ടാം ഗര്‍ഡര്‍ മറിഞ്ഞ് സമീപമുള്ള ഒന്നാം ഗര്‍ഡറിന്റെ മേല്‍ പതിച്ചു. ഈ ആഘാതത്തെ തുടര്‍ന്ന് ഒന്നാം ഗര്‍ഡര്‍ പുഴയിലേക്ക് വീഴുകയും ചെയ്തു.
അതായത് ഹൈഡ്രോളിക് ജാക്കിന്റെ പ്രവര്‍ത്തനത്തിലോ പ്രവര്‍ത്തിപ്പിക്കുന്നതിലോ ഉണ്ടായ നൈമിഷികമായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചത്. അല്ലാതെ ഗര്‍ഡറുകളുടെ ക്യൂബ് സ്‌ട്രെങ്ത് അടക്കമുള്ള എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും തികച്ചും തൃപ്തികരമാണെന്നും കിഫ്ബി പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.

Story Highlights: Coolimad Bridge; MK Muneer wants PWD minister to be replaced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here