തൃക്കാക്കരയിൽ സാമുദായിക കാർഡ് ഇറക്കുന്നത് യുഡിഎഫ്; കെ.ടി ജലീൽ

തൃക്കാക്കരയിൽ സാമുദായിക കാർഡ് ഇറക്കുന്നത് യു ഡി എഫ് ആണെന്ന് കെ ടി ജലീൽ. മുസ്ലിം ലീഗിനെ പോലുള്ള സാമുദായിക പാർട്ടികൾ ഉള്ളത് യു ഡി എഫിലാണ്. സമുദായം നോക്കി ഇടതു മുന്നണി വോട്ട് ചോദിക്കാറില്ല. ഏതെങ്കിലും മതവിഭാഗങ്ങൾ മാത്രം താമസിക്കുന്ന ഗല്ലികൾ കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടത് സ്ഥാനാർഥി ഡോ.ജോ ജോസഫിനെ തൃക്കാക്കര നെഞ്ചേറ്റുമെന്ന് കെ ടി ജലീൽ പറഞ്ഞിരുന്നു . പ്രതിപക്ഷത്തിരുന്ന് സമയം കളയാൻ എന്തിനൊരു എം എൽ എ എന്ന ചിന്ത ജനങ്ങളിൽ ശക്തിപ്പെടുന്നത് തൂണിലും തുരുമ്പിലും പ്രകടമാണ്. ഭരണത്തോടൊപ്പം സഞ്ചരിച്ച് തൃക്കാക്കരയുടെ വികസന സാധ്യതകൾക്ക് ചിറകുകൾ നൽകാൻ എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ വിജയിപ്പിക്കാൻ വോട്ടർമാർ തീരുമാനമെടുത്തതായി അവരുടെ മുഖം പറയുന്നുണ്ട്. അതിനു കഴിഞ്ഞില്ലെങ്കിൽ ഭാവി തലമുറയോട് ചെയ്യുന്ന പാതകമാകുമതെന്നും ജനങ്ങൾ വിശ്വസിക്കുന്നു. ഡോ. ജോ ജോസഫ് , ജൂൺ മൂന്നിന് സിക്സറടിച്ച് സെഞ്ച്വറി തികക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Read Also: തൃക്കാക്കരയിൽ മറുകണ്ടം ചാടിയത് പാർട്ടിയിലെ മാലിന്യങ്ങൾ; കെ മുരളീധരൻ
തൃക്കാക്കരയുടെ ഓരോ മണൽ തരിയിലും ഡോ. ജോ ജോസഫിൻ്റെ സാന്നിധ്യം ബലപ്പെടുകയാണ്. അതിൻ്റെ പ്രകടമായ തെളിവാണ് കെ.പി.സി.സി പ്രസിഡന്റിൻ്റെ അതിരു കടന്ന ജൽപ്പനങ്ങൾ. ജനങ്ങൾ തീരുമാനിച്ചിറങ്ങിയാൽ ഒരു വൻമതിൽ കെട്ടിയും അതിനെ തടുത്തു നിർത്താനാവില്ല. 2006 ലെ കുറ്റിപ്പുറം 2022 ൽ തൃക്കാക്കരയിലും ആവർത്തിക്കുമെന്ന് കെ ടി ജലീൽ വ്യക്തമാക്കിയിരുന്നു.
Story Highlights: K T Jaleel About Thrikkakara bypoll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here