നവ്ജ്യോത് സിംഗ് സിദ്ദു പട്യാല സെഷൻസ് കോടതിയിൽ കീഴടങ്ങി; പട്യാല ജയിലിലേക്ക് മാറ്റും

റോഡിലെ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ ഒരു വർഷം തടവിന് ശിക്ഷപ്പെട്ട കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദു കോടതിയിൽ കീഴടങ്ങി. പട്യാല സെഷൻസ് കോടതിയിലാണ് സിദ്ദു കീഴടങ്ങിയത്. സിദ്ദുവിനെ പട്യാല ജയിലിലേക്ക് മാറ്റും. 34 വർഷം മുൻപ് നടന്ന സംഭവത്തിൽ സുപ്രീംകോടതി സിദ്ദുവിന് ഒരു വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. സിദ്ദുവിനെ പുറത്താക്കണമെന്ന് പഞ്ചാബ് കോൺഗ്രസിൽ ഒരു വിഭാഗം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയതോടെ പാർട്ടിയിൽ സിദ്ദുവിന് വലിയ പിന്തുണയില്ല.
1988ൽ സിദ്ദുവിന്റെ വാഹനമിടിച്ച് ഒരാൾ മരിച്ച കേസിലാണ് സുപ്രിംകോടതി വിധി. നേരത്തെ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി ഈ കേസിൽ സിദ്ദുവിന് മൂന്നുവർഷത്തെ തടവ് വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയ സിദ്ദു അനുകൂല വിധി നേടിയെങ്കിലും കൊല്ലപ്പെട്ട ഗുർനാം സിംഗിന്റെ ബന്ധുക്കൾ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിച്ചാണ് സിദ്ദുവിനെ ഒരു വർഷത്തെ തടവിന് ശിക്ഷിച്ചത്.
1988ൽ ഡിസംബർ 27ന് റോഡിൽ വച്ചുണ്ടായ തർക്കത്തിനിടെ പട്യാല സ്വദേശി ഗുർനാം സിംഗിനെ സുഹൃത്തിനൊപ്പം സിദ്ദു മർദ്ദിച്ചെന്നും തലയ്ക്കടിയേറ്റ് ഇയാൾ മരിച്ചു എന്നുമാണ് കേസ്. 99ൽ പഞ്ചാബിലെ സെഷൻസ് കോടതി ഈ കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. സംഭവത്തിന് തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി. ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കൾ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കുകയുമായിരുന്നു.
Story Highlights: Navjot Singh Sidhu surrenders in Patiala sessions court; He will be shifted to Patiala Jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here