‘സര്‍ക്കാര്‍ വികസന വിരുദ്ധര്‍’; എന്തിനാണ് വാര്‍ഷികാഘോഷം നടത്തുന്നതെന്ന് ഉമ തോമസ്

ഇടത് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത് എന്തിനെന്ന് ഉമ തോമസ്. സര്‍ക്കാര്‍ വികസന വിരുദ്ധരാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഉമ തോമസിന്റെ പരാമര്‍ശം. വികസന മുരടിപ്പിന് കൊച്ചി മെട്രോ തന്നെ തെളിവാണ്. തൃക്കാക്കരയിലെ ജനങ്ങള്‍ തനിക്ക് നല്‍കുന്ന മികച്ച സ്വീകരണം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.
ജനഹിതത്തിന് വേണ്ടിയുള്ള വികസനമാണ് ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉമ തോമസിന്റെ പരാമര്‍ശങ്ങള്‍. നൂറ് തികയ്ക്കാന്‍ കിട്ടിയ സൗഭാഗ്യമായിട്ട് തൃക്കാക്കരയെ കാണുന്നവരല്ലേ ആഘോഷിക്കുന്നത്? സീറ്റ് മാത്രമാണ് അവര്‍ക്ക് പ്രധാനം. മെട്രോ വിപുലീകരണം പോലും തൃക്കാക്കരയ്ക്ക് വേണ്ടി നടപ്പിലാക്കിയില്ലെന്നത് വികസനവിരുദ്ധത തെളിയിക്കുന്നുണ്ടെന്നും ഉമ തോമസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ ഭരണനേട്ടത്തിനുള്ള അംഗീകാരം തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുമുന്നണിയുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കാക്കരയില്‍ നൂറുമേനി കൊയ്‌തെടുക്കാനാകുമന്നാണ് നേതാക്കള്‍ വിശ്വസിക്കുന്നത്. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ ഏതുവിധത്തിലാണ് പ്രതിരോധിക്കേണ്ടതെന്നത് സംബന്ധിച്ച ആശയക്കുഴപ്പവും സര്‍ക്കാരിനെ വലയ്ക്കുന്നുണ്ട്. തൃക്കാക്കരയെ നൂറ് സീറ്റ് നേടാനുള്ള സുവര്‍ണാവസരമായാണ് തങ്ങള്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് സര്‍ക്കാരിന് മുന്നില്‍ വലിയ അഭിമാനപ്രശ്‌നം തന്നെയാകുന്നുണ്ട്. തെരഞ്ഞെടുപ്പായതിനാല്‍ അടുത്ത മാസം രണ്ടാം തിയതിയാണ് വാര്‍ഷികാഘോഷങ്ങള്‍ നടക്കുക.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിച്ച് കഴിഞ്ഞ സര്‍ക്കാരിലെ മറ്റ് മന്ത്രിമാരെയെല്ലാം മാറ്റി പുതുമോടിയോടെയായിരുന്നു രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടക്കം. രാജ്യമെങ്കും കൊവിഡ് കേസുകള്‍ കുറഞ്ഞ് നില്‍ക്കുമ്പോഴും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നുനില്‍ക്കുന്നതിന്റെ ആശങ്കകളായിരുന്നു സര്‍ക്കാരിന് മുന്നില്‍ ആദ്യം വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങളും പിന്നാലെ വന്നു. എന്ത് വിലകൊടുത്തും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തൃക്കാക്കരയില്‍ ജയിക്കാനായാല്‍ സില്‍വര്‍ലൈന് വേഗം കൂടും. ഈ പ്രതീക്ഷയില്‍ കരയില്‍ തന്നെ ക്യാമ്പ് ചെയ്യുകയാണ് മുഖ്യമന്ത്രിയും മറ്റ് ഇടത് ജനപ്രതിനിധികളും.
Story Highlights: uma thomas slams ldf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here