10 ജില്ലകളിൽ നാളെ യെല്ലോ ജാഗ്രത; രാത്രി 11 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് രാത്രി 11 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതേസമയം സംസ്ഥാനത്ത് 22ാം തീയതി വരെ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഇത് പ്രകാരം നാളെ 10 ജില്ലകളിൽ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നാളെ യെല്ലോ ജാഗ്രത. 22ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് ഇന്ന് ഉച്ചയ്ക്ക് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.
നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് തിരുവനന്തപുരത്തെ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു. ഡാമിന്റെ നാലു ഷട്ടറുകൾ നാളെ രാവിലെ 80 സെന്റിമീറ്റർ ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. തിരുവനന്തപുരത്തെ മലയോര മേഖലകളിൽ കനത്തമഴയാണ് ലഭിച്ചത്. ഇതിനെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായാണ് നടപടി.
Story Highlights: Yellow alert in 10 districts tomorrow; Isolated showers are likely in 11 districts at night
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here