പാർക്കിൻസൺ രോഗത്തോട് പൊരുതാൻ ബോക്സിങ് തെരഞ്ഞെടുത്തു; ഇന്ന് ബോക്സിങ് റിങ്ങിലെ കരുത്ത്!!

രോഗം പ്രായത്തെ കീഴ്‌പെടുത്തുമ്പോൾ ആത്മധൈര്യം കൊണ്ട് മുന്നേറുകയാണ് തുർക്കി സ്വദേശി മുത്തശ്ശി. ഈ എഴുപത്തിയഞ്ചുകാരി ഇപ്പോൾ ബോക്സിങ് റിംഗിലെ താരമാണ്. ഗ്ലൗസും ഷൂസുമണിഞ്ഞ് റിങ്ങിലേക്ക് മുത്തശ്ശി എത്തുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. ആളുടെ പേര് നാൻസി. തുർക്കിയിലാണ് താമസമെങ്കിലും സ്വദേശം ബെൽജിയമാണ്. ആറ് വർഷം മുമ്പ് സ്ഥിരീകരിച്ച പാർക്കിൻസൺസ് രോഗത്തോട് പൊരുതാൻ വേണ്ടിയാണ് മുത്തശ്ശി ബോക്സിങ് പഠിച്ചുതുടങ്ങിയത്. ആദ്യമെല്ലാം കാണുന്നവർക്ക് കൗതുകമായിരുന്നു. പാർക്കിൻസൺ രോഗികൾക്ക് ബോക്സിങ് നല്ലതാണെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. നോൺ കോൺടാക്ട് ബോക്സിങ്ങാണ് നാൻസി മുത്തശ്ശി പരീക്ഷിക്കുന്നത്.
രോഗത്തിൽ നിന്ന് പൂർണമായി മുക്തമാകാൻ സാധിക്കില്ലെങ്കിലും രോഗത്തിന്റെ കാഠിന്യം കുറയ്ക്കാൻ വേണ്ടിയാണ് മുത്തശ്ശി ബോക്സിങ് പരിശീലിക്കുന്നത്. ബോക്സിങ് മാത്രമല്ല, സ്ഥിരമായി ജിമ്മിനും പോകാറുണ്ട്. പ്രായത്തിന്റേതായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും അതിലൊന്നും തളരാൻ മുത്തശ്ശി തയ്യാറല്ല. രോഗ നിർണയത്തിന് ശേഷം നടത്തിയ ഗവേഷണത്തിലാണ് മുത്തശ്ശി ബോക്സിങിന്റെ ഗുണങ്ങളെ പറ്റി അറിഞ്ഞത്. അന്നുതൊട്ട് ഇന്നുവരെ സ്ഥിരമായി ബോക്സിങ്ങിൽ പരിശീലനം നേടുന്നുണ്ട്. ആദ്യമൊക്കെ ആളുകൾക്ക് തന്നെ ബോക്സിങ് റിങ്ങിൽ കാണുമ്പോൾ കൗതുകമായിരുന്നെന്ന് മുത്തശ്ശിതന്നെ വെളിപ്പെടുത്തുന്നു.
പെയിന്റ് വർക്കുകൾ ചെയ്താണ് മുത്തശ്ശി ജീവിച്ചിരുന്നത്. എന്നാൽ രോഗം പിടിപെട്ടപ്പോൾ തൊഴിൽ ചെയ്യാൻ ബുദ്ധിമുട്ടായി. എന്നാൽ ബോക്സിങ് പരിശീലനത്തിന് ശേഷം നല്ല മാറ്റം വന്നെന്നും പെയിന്റ് വർക്കുകൾ വീണ്ടും ചെയ്യാൻ തുടങ്ങിയെന്നും മുത്തശ്ശി പറയുന്നു.
Story Highlights: a grandmother from turkey fighting against parkinson