പവൽ പവർ; മോശം തുടക്കം അതിജീവിച്ച് ഡൽഹി; മുംബൈക്ക് 160 റൺസ് വിജയലക്ഷ്യം

ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 160 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസ് നേടി. 43 റൺസെടുത്ത റോവ്മൻ പവലാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. മുംബൈക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമാണ് ഡൽഹിക്ക് ലഭിച്ചത്. മൂന്നാം ഓവറിൽ തന്നെ ഡാനിയൽ സാംസ് ഡേവിഡ് വാർണറെ പുറത്താക്കുമ്പോൾ സ്കോർബോർഡിൽ വെറും 21 റൺസ്. 5 റൺസെടുത്ത വാർണറെ ബുംറ പിടികൂടുകയായിരുന്നു. പിന്നീട് ഡൽഹിക്ക് തുടരെ വിക്കറ്റ് നഷ്ടമായി. മിച്ചൽ മാർഷ് (0), പൃഥ്വി ഷാ (24) എന്നിവരെ ബുംറ പുറത്താക്കി. മാർഷിനെ രോഹിതും പൃഥ്വിയെ കിഷനും പിടികൂടുകയായിരുന്നു. നന്നായി തുടങ്ങിയ സർഫറാസ് ഖാനെ (10) മായങ്ക് മാർക്കണ്ഡെ കിഷൻ്റെ കൈകളിലെത്തിച്ചു.
8.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിൽ തകർന്ന ഡൽഹിയെ അഞ്ചാം വിക്കറ്റിൽ റോവ്മൻ പവലും ഋഷഭ് പന്തും ചേർന്നാണ് രക്ഷപ്പെടുത്തിയത്. സൂക്ഷ്മതയോടെ ഇന്നിംഗ്സ് ആരംഭിച്ച ഇരുവരും പിന്നീട് ആക്രമണ മോഡിലേക്ക് മാറി. 75 റൺസിൻ്റെ ഗെയിം ചേഞ്ചിംഗ് കൂട്ടുകെട്ടിനു ശേഷം പന്ത് മടങ്ങി. 33 പന്തിൽ 4 ബൗണ്ടറിയും ഒരു സിക്സറും സഹിതം 39 റൺസെടുത്ത ഡൽഹി നായകനെ രമൺദീപ് സിംഗ് കിഷൻ്റെ കൈകളിലെത്തിച്ചു. പന്ത് മടങ്ങിയെങ്കിലും ഗംഭീര പ്രകടനം തുടർന്ന പവൽ അവസാന ഓവറുകളിൽ ആഞ്ഞടിച്ചു. അക്സർ പട്ടേലും ചില കൂറ്റൻ ഷോട്ടുകളുതിർത്തു. 19ആം ഓവറിൽ പവൽ മടങ്ങി. 34 പന്തുകളിൽ ഒരു ബൗണ്ടറിയും 4 സിക്സറും സഹിതം 43 റൺസെടുത്ത താരത്തെ ബുംറ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ശാർദ്ദുൽ താക്കൂറിനെ (4) രമൺദീപ് സിംഗ് ടിം ഡേവിഡിൻ്റെ കൈകളിലെത്തിച്ചു. അക്സർ പട്ടേൽ (19) പുറത്താവാതെ നിന്നു.
Story Highlights: delhi capitals innings mumbai indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here