കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ്; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതിനെതിരെ പ്രതിഷേധം

കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസിലെ (ബസ് ഓൺ ഡിമാൻഡ്) ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതിനെതിരെ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാത്രക്കാരുടെ പ്രതിഷേധം. വർക്കല – കല്ലമ്പലം – തിരുവനന്തപുരം റൂട്ടിലെ കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസിന്റെ ടിക്കറ്റ് നിരക്കാണ് വർധിപ്പിച്ചത്. ടിക്കറ്റ് നിരക്ക് വർദ്ധന സർക്കാർ ജീവനക്കാരായ സ്ഥിരം യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. തുടക്കംമുതൽ ഒടുക്കം വരെ 104 രൂപയെന്ന ഒറ്റ നിരക്കാണ് വെള്ളിയാഴ്ച മുതൽ യാത്രക്കാരിൽ നിന്ന് കെഎസ്ആർടിസി ഈടാക്കിയത്.
വർക്കലയിൽ നിന്ന് തിരുവനന്തപുരത്തെത്താൻ ബോണ്ട് സർവീസിൽ വ്യാഴാഴ്ച വരെ 85 രൂപയാണ് ഈടാക്കിയിരുന്നത്. കല്ലമ്പലത്ത് നിന്ന് കയറിയാൽ 69 രൂപയും ആറ്റിങ്ങലിൽ നിന്ന് 60 രൂപയുമായിരുന്നു നിരക്ക്. കഴിഞ്ഞദിവസം മുതൽ എവിടെ നിന്ന് ബസിൽ കയറിയാലും ഒറ്റ നിരക്ക് നൽകണമെന്നാണ് യാത്രക്കാരോട് കണ്ടക്ടർ അറിയിച്ചത്. തുടർന്ന് യാത്രക്കാർ ആറ്റിങ്ങൽ ഡിപ്പോയിലെത്തി പ്രതിഷേധം അറിയിക്കുകയും പലരും ബസ് ബഹിഷ്‌കരിക്കുകയും ചെയ്തു.
ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകാൻ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറിൽ 50 രൂപ മാത്രമാണ് യാത്രാനിരക്ക്. ഇതേ ദൂരം യാത്രചെയ്യാൻ വർക്കലയിൽ നിന്നുള്ള ബോണ്ട് സർവീസിൽ ഈടാക്കുന്നത് 104 രൂപയാണ്. ഇതാണ് പ്രതിഷേധത്തിന്റെ മുഖ്യകാരണം. നിരക്ക് വർദ്ധന മാനേജ്‌മെന്റിന്റെ തീരുമാനപ്രകാരമാണെന്നാണ് ആറ്റിങ്ങൽ ഡിപ്പോ അധികൃതരുടെ വാദം. സാധാരണ ബസിലെ യാത്രാനിരക്ക് ഒന്നാം തീയതി മുതൽ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ബോണ്ട് സർവീസിലെ നിരക്കിൽ അന്ന് വർദ്ധനവുണ്ടായിരുന്നില്ല.
Story Highlights: KSRTC Bond Service; Protest against increase in ticket prices
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here