പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഉൾപ്പെടെ 3 പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

പാരമ്പര്യ വൈദ്യൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെയുള്ള 3 പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ മൈസൂർ, വയനാട്, കൊലപാതകം നടന്ന ഷൈബിന്റെ നിലമ്പൂരിലെ വീട്, മൃതദേഹം വലിച്ചെറിഞ്ഞ എടവണ്ണയിലെ പാലം തുടങ്ങി വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കേസിൽ പ്രാഥമിക തെളിവെടുപ്പ് പൂർത്തിയായതിനാൽ ഇനി പ്രതികളെ പൊലീസ് കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടാൻ സാധ്യത കുറവാണ്.
അതേസമയം കേസിൽ ഒളിവിൽ പോയ അഞ്ചു പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് നാളുകളായെങ്കിലും ഇതുവരെയും ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുന്നതിനായി ചാലിയാർ പുഴയിൽ തിരച്ചിൽ തുടരുന്നുണ്ട്.
നേരത്തെ കസ്റ്റഡിയിലെടുത്ത നൗഷാദുമൊത്ത് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. നൗഷാദുമായുള്ള തെളിവെടുപ്പിനിടെ വൈദ്യന്റേതെന്ന് സംശയിക്കുന്ന രക്തക്കറ, മുടി എന്നിവ ലഭിച്ചിരുന്നു. ഇവ ഡി എൻ എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം ഷൈബിൻ അഷറഫിന്റെ ഭാര്യയും ഷൈബിന് നിയമോപദേശം നൽകിയ മുൻ പൊലീസ് ഉദ്യോഗസ്ഥനും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. ഷാബ ഷരീഫിനെ തടവിൽ പാർപ്പിച്ച കാലത്തും കൊലപ്പെടുത്തിയപ്പോഴും ഭാര്യ വീട്ടിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
മുൻ എഎസ്ഐ പലകാര്യങ്ങളിലും നിയമസഹായം ലഭ്യമാക്കിയിരുന്നതായി ഷൈബിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് അറസ്റ്റ് ഒഴിവാക്കാനാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25-ലേക്ക് മാറ്റി.
Story Highlights: nilambur murder investigation update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here