മരണം നടന്ന് 11 മാസത്തിന് ശേഷം വിധി; വിസ്മയ കേസ് നാൾ വഴികൾ

കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് കൊല്ലം നിലമേലിൽ ആയുർവേദ ബിരുദ വിദ്യാർത്ഥിനിയായ വിസ്മയയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ 2021 ജൂൺ 21 നായിരുന്നു വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ( vismaya case history )
2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. വിവാഹ ശേഷം തന്നെ ഇരുവരും തമ്മിൽ സ്ത്രീധനത്തിന്റെ പേരിൽ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. ഇക്കാരണം കൊണ്ട് തന്നെ വിസ്മയയെ കിരൺ കുമാർ മർദിക്കാറുണ്ടായിരുന്നു. ഒരിക്കൽ മർദനം സഹിക്കവയ്യാതെ വിസ്മയ അച്ഛനെ വിളിച്ച് തനിക്കിനി ഭർതൃവീട്ടിൽ നിൽകാൻ വയ്യെന്ന് പറഞ്ഞ് കരുഞ്ഞു. തൊട്ടടുത്ത് ദിവസം തന്നെ അച്ഛൻ ത്രിവിക്രമൻ നായർ വിസ്മയയെ വിട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
‘ ആ ഓഡിയോ മെസേജ് വന്നതിന് ശേഷം ഞാൻ അവിടെ പോയി. എന്റെ കുട്ടിയെ ഞാൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. എന്റെ കൂടെ ഉണ്ടായിരുന്നു എന്റെ കുട്ടി. അല്ലാതെ അവളെ കളഞ്ഞിട്ടില്ല. ഞാൻ 26 വർഷം ഗൾഫിൽ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കിരണിന് കൊടുത്തത്. 80 പവനും പതിന്നൊകേൽ ലക്ഷത്തിന്റെ വണ്ടിയും, ഒന്നേകാൽ ഏക്കർ വസ്തുവും കൊടുക്കാമെന്ന് പറഞ്ഞതാണ്. അതവന് പോര. വിസ്മയയുടെ ഫോൺ വന്നതിന് ശേഷം വിസ്മയയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. ഈ സമയത്തായിരുന്നു മകന്റെ കല്യാണം. ഞാനും എന്റെ ഭാര്യയും അവരെ പോയി വിളിച്ചിരുന്നു. അവരാരും കല്യാണത്തിന് വന്നില്ല. അതിന് ശേഷം ഈ ബന്ധം വേണ്ടെന്ന് മകളോട് ഞാൻ പറഞ്ഞിരുന്നു. അവസാന പരീക്ഷ നടന്ന 17ാം തിയതി എന്റെ കുട്ടി എന്നോട് പറയാതെ കോളജിൽ നിന്ന് കിരണിനൊപ്പം പോയത്. അവനെന്ത് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് എന്റെ കുട്ടിയെ കൊണ്ടുപോയതെന്ന് അറിയില്ല’ വിസ്മയയുടെ അച്ഛൻ ട്വന്റിഫോറിനോട് പറഞ്ഞു.
ഒടുവിൽ 2021 ജൂൺ 21ന് ഭർതൃപീഡനം സഹിക്കവയ്യാതെ വിസമയ ആത്മഹത്യ ചെയ്തു. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. തുടർന്ന് വിസ്മയയുടെ ഭർത്താവ് അസിസ്റ്റൻ മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്.കിരൺകുമാറിനെ ജൂൺ 22ന് അറസ്റ്റ് ചെയ്തു. വിസ്മയയുടെ അച്ഛനും സഹോദരനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആദ്യം സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു.
ജൂൺ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോർട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബർ 10ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണയടക്കം ഒൻപത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഭർത്താവ് കിരൺകുമാറാണ് കേസിലെ ഏക പ്രതി.
2022 ജനുവരി 10ന് കേസിൽ വിചാരണ ആരംഭിച്ചു. ജനുവരി പത്തിനാണ് കേസിൻറെ വിചാരണ ആരംഭിച്ചത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നിൽ പ്രോസിക്യൂഷൻ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിൻറെ സഹോദരിക്കും അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം നൽകി. വിസ്മയ മരിച്ച് പതിനൊന്ന് മാസവും രണ്ട് ദിവസവും പൂർത്തിയാകുന്ന മെയ് 23, 2022 ന് കേസിൽ കൊല്ലം അഡീഷനൽ സെഷൻസ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചു. കിരൺ കുമാറിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി.
Story Highlights: vismaya case history
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here