ബിവറേജസിൽ ക്യൂ നിൽക്കാതെ മദ്യം വാങ്ങാം; വരുന്നു വോക് ഇൻ സംവിധാനം

മിക്ക ബിവറേജസ് ഔട്ട്ലെറ്റുകളിലെയും സ്ഥിരം കാഴ്ച്ചയാണ് നീണ്ട ക്യൂ. ഇനിമുതൽ ക്യൂ നിൽക്കാതെ ഇഷ്ടമുള്ള മദ്യം വാങ്ങാൻ ഉപഭോക്താവിന് അവസരമൊരുങ്ങുന്നു. ഇടുക്കി ജില്ലയിലാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഓഗസ്റ്റ് ഒന്നിനു മുൻപായി ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളിലെല്ലാം വോക് ഇൻ സംവിധാനം നടപ്പാക്കണമെന്നാണ് എംഡിയുടെ ഏറ്റവും പുതിയ നിർദേശം. 8 ഔട്ട്ലെറ്റുകളാണ്
ജില്ലയിൽ പുതുതായി അനുവദിക്കുന്നത്. ഇവയിലും വോക് ഇൻ സംവിധാനം ഏർപ്പെടുത്തുമെന്നാണ് വിവരം.
നിലവിൽ ഈ സംവിധാനമുള്ളത് കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിലും അടിമാലിയിലുള്ള കൺസ്യൂമർ ഫെഡ് ബിവറേജസ് ഔട്ട്ലെറ്റിലും മാത്രമാണ്. പുതിയ കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിച്ച രാജകുമാരിയിലെ ബിവറേജസ് ഔട്ട്ലെറ്റിലാണ് ആദ്യമായി വോക് ഇൻ സംവിധാനം നടപ്പാക്കുക. ഇതിനുള്ള ക്വട്ടേഷൻ ഹെഡ് ഓഫീസിന് കൈമാറിയെന്നാണ് അധികൃതർ പറയുന്നത്.
Read Also: കേരളത്തിൽ വരുന്നു 68 ബിവറേജസ് ഷോപ്പുകൾ; മദ്യശാലകളുടെ ജില്ല തിരിച്ചുള്ള കണക്ക്
ബിവറേജസ് ഔട്ട്ലെറ്റുകളിൽ നീണ്ട ക്യൂ ഉണ്ടാവുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന ഹർജിയിൽ ഹൈക്കോടതിയാണ് വോക് ഇൻ സംവിധാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ബിവറേജസ്ഷോപ്പുകളും വോക് ഇൻ സംവിധാനത്തിലേക്ക് മാറാനൊരുങ്ങുന്നത്. ഇടുക്കി ജില്ലയിലെ17 ബിവറേജസ് ഷോപ്പുകളിൽ ഭൂരിഭാഗത്തിലും വോക് ഇൻ സംവിധാനം തുടങ്ങാൻ അസൗകര്യമുണ്ടെന്നും അധികൃതർ പറയുന്നുണ്ട്.
പുതിയ സംവിധാനം ഏർപ്പെടുത്തുന്നത് 2,000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള ഔട്ട്ലെറ്റുകളിലാണ്. എന്നാൽ ആറിലധികം ഔട്ട്ലെറ്റുകളിൽ ആവശ്യത്തിനു സ്ഥലസൗകര്യമില്ലെന്ന് ബെവ്കോ അധികൃതർ റിപ്പോർട്ട് നൽകിയിരുന്നു. ഇവയിൽ ചിലത് മാറ്റി സ്ഥാപിക്കണമെന്ന് എംഡി നിർദേശിച്ചെങ്കിലും പകരം സ്ഥലം കണ്ടെത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
Story Highlights: You can buy alcohol without queuing at the beverage outlets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here