വിസ്മയയുടെ മുഖത്ത് പ്രതി ബൂട്ടിട്ട് ചവിട്ടിയെന്ന് പ്രോസിക്യൂഷൻ; ഇത് സൂര്യന് കീഴിലെ ആദ്യ കേസല്ലെന്ന് പ്രതിഭാഗം; ഏറ്റുമുട്ടി പ്രതിഭാഗവും പ്രോസിക്യൂഷനും

വീട്ടിൽ വൃദ്ധരായ മാതാപിതാക്കളുണ്ടെന്നായിരുന്നു ശിക്ഷാ ഇളവ് വേണമെന്ന ആവശ്യത്തിന് കാരണമായി വിസ്മയാ കേസ് പ്രതി കിരൺ കുമാർ കോടതിയിൽ പറഞ്ഞത്. തുടർന്ന് പ്രോസിക്യൂഷനും പ്രിതഭാഗവും വലിയ വാദപ്രതിവാദങ്ങളിലേക്ക് കടന്നു. വിസ്മയയുടെ മുഖത്ത് പ്രതി ബൂട്ടിട്ട് ചവിട്ടിയ കാര്യം പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ‘വളർത്ത് നായ പോലും പ്രതികരിക്കും’ എന്നായിരുന്നു പ്രോസിക്യൂഷന്റെ പരാമർശം. ഒരു മനുഷ്യനെ നിലത്തിട്ട് മുഖത്ത് ചവിട്ടുന്നത് ക്ഷമിക്കാനാകാത്തതാണ്. പ്രതീക്ഷിച്ച സ്ത്രീധനം ലഭിക്കാത്തതാണ് ഇതിനെല്ലാം കാരണം. എന്നിട്ടും പ്രതിക്ക് ഇപ്പോഴും കുറ്റബോധമില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ സൂര്യന് കീഴിൽ നടക്കുന്ന ആദ്യ സ്ത്രീപീജന കേസല്ല ഇതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ( kiran kumar prosecution defense arguments )
കേസ് വ്യക്തിക്ക് എതിരെയല്ല മറിച്ച് സാമൂഹ്യ തിൻമയ്ക്കെതിരെയാണെന്നും വിധിയിൽ അതും കണക്കിലെടുക്കണമെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. ഇനി ഇത്തരം കുറ്റകൃത്യം ആവർത്തിക്കാതിരിക്കേണ്ടതുണ്ട്. കോടതി അക്കാര്യം കണക്കിലെടുക്കണം. സമൂഹത്തിന് വ്യക്തമായ സന്ദേശം നൽകുന്നതാകണം വിധിയെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണ്. യുവതിയെ മരണത്തിലേക്ക് തള്ളിവിട്ടത് കൊലപാതകം തന്നെയാണ്. അതുകൊണ്ട് തന്നെ 304 യ തെളിഞ്ഞെന്ന് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. പ്രതി സർക്കാർ ഉദ്യോഗസ്ഥനെന്ന് പ്രോസിക്യൂട്ടർ. സ്ത്രീധനം വാങ്ങില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ സത്യവാങ്മൂലം നൽകണം. അത് പ്രതി ലംഘിച്ചു. വിദ്യാസമ്പന്നനാണ് പ്രതി. എന്നിട്ടും ഇത്തരം തിൻമ നടന്നു. ഈ വിധി എന്താകുമെന്ന് രാജ്യം വീക്ഷിക്കുന്നുണ്ട്.
ആറ് മാസം പ്രതി ജയിലിൽ കിടന്നിട്ടും കുറ്റബോധമില്ലേയെന്ന് ജഡ്ജി ചോദിച്ചു. ഇല്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി. ജയിലിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ താൻ തെറ്റുകാരനല്ലെന്ന് പറയുകയാണ് പ്രതി ചെയ്തത്. പ്രതി സ്വയം തിരുത്തുമെന്ന് കരുതുക വയ്യെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.
കോടതിയിൽ പ്രതിഭാഗം ജീവപര്യന്തത്തെ എതിർത്തു. കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിയിൽ പ്രതിഭാഗം അതൃപ്തി അറിയിച്ചു. തന്റെ വാദങ്ങൾ കോടതി തിരസ്കരിച്ചത് എന്ത് കൊണ്ടെന്ന് പ്രതിഭാഗം ചോദിച്ചു. പരിഷ്കൃത സമൂഹത്തിൽ ആത്മഹത്യ പ്രേരണയ്ക്ക് ജീവപര്യന്തം നൽകിയ ചരിത്രമില്ലെന്നും സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചു. യുപിയിൽ നടന്ന സമാന കേസിൽ 10 വർഷം ശിക്ഷ മാത്രമേ നൽകിയിട്ടുള്ളൂ. യുപിയിലേത് സ്ത്രീധനത്തിനായി പൊലീസുകാരൻ കൊലപാതകം നടത്തിയ കേസായിരുന്നു. എന്നിട്ടും പത്ത് കൊല്ലം മാത്രമാണ് ശിക്ഷ ലഭിച്ചത്. വിസ്മയ കേസ് ആത്മഹത്യ കേസ് മാത്രമാണെന്നും പ്രതിഭാഗം പറഞ്ഞു.
പ്രോസിക്യൂട്ടറെ പ്രതിഭാഗം പരിഹസിച്ചു. രാജ്യം മുഴുവൻ ഈ വിധി കാത്തിരിക്കുന്ന വിധം കേസിനെ സെൻസേഷണലൈസ് ചെയ്തു. ഈ വിധി സന്ദേശം നൽകുന്നതാകണമെന്ന പ്രോസിക്യൂട്ടറുടെ പരാമർശത്തിനും പരിഹാസം. 304 ബി ഉണ്ടാക്കിയത് തന്നെ അതിനെന്ന് പ്രതിഭാഗം വാദിച്ചു. സൂര്യന് കീഴിലെ ആദ്യത്തെ സ്ത്രീധന പീഡന മരണമല്ല ഇതെന്ന് പ്രതിഭാഗം പറഞ്ഞു. ജയിലിൽ പ്രതി മോശമായി പെരുമാറിയിട്ടില്ല. ഭാര്യ മരിച്ചതിൽ കിരണിന് വിഷമമുണ്ട്. പ്രതിക്ക് പശ്ചാത്താപം ഇല്ലാത്തത് കുറ്റം ചെയ്യാത്തതിനാൽ. അത് മേൽക്കോടതിയിൽ തെളിയിക്കാമെന്നും പ്രതിഭാഗം വാദിച്ചു.
Story Highlights: kiran kumar prosecution defense arguments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here