കിരൺ കുമാറിനെ കോടതിയിലെത്തിച്ചു; സുരക്ഷയൊരുക്കാൻ വൻ പൊലീസ് സന്നാഹം

വിസ്മയ കേസിന്റെ വിധി വരാനിരിക്കേ കൊല്ലം അഡിഷണൽ സെഷൻസ് കോടതി വളപ്പിൽ പൊലീസിനെ വിന്യസിച്ചു. അല്പസമയത്തിനകം വിധി പുറത്തുവരും. ജില്ലാ ജയിലിൽ നിന്ന് കിരൺകുമാറിനെ കോടതിയിലെത്തിച്ചിട്ടുണ്ട്. കോടതിയിൽ തടിച്ചുകൂടുന്ന നാട്ടുകാർ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെയാണ് കോടതി വളപ്പിൽ പൊലീസിനെ വിന്യസിച്ചിരിക്കുന്നത്.
വിസ്മയ കേസിന്റെ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിലേക്ക് തിരിച്ചത് മകൾക്ക് നൽകിയ വാഹനത്തിലാണ്. വാഹനത്തിന്റെ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേൾക്കാൻ കോടതിയിലേക്ക് വരുന്നുണ്ടെന്ന വളരെ വൈകാരികമായ പ്രതികരണമാണ് ത്രിവിക്രമൻ നായർ നടത്തിയത്. ഈ വാഹനം വാങ്ങാൻ മകളുമൊത്താണ് പോയതെന്നും അവൾ ഇപ്പോഴും തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറയുന്നു.
വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്ന് അച്ഛൻ ത്രിവിക്രമൻ നായരും അമ്മ സജിത വി നായരും ട്വന്റിഫോറിനോട് പറഞ്ഞു. 4,87, 000 വോയ്സ് ക്ലിപ്പുകളാണ് കിരണിന്റെ ഫോണിൽ നിന്ന് സൈബർ സെല്ലിന് ലഭിച്ചത്. ഓട്ടോമറ്റിക്കായി കോളുകൾ ഫോണിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അവൻ അറിഞ്ഞില്ലായിരുന്നു. വോയ്സ് ക്ലിപ്പുകളനുസരിച്ച് ഇനിയും നിരവധി പ്രതികൾ വരും. അവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമമെന്നും അച്ഛൻ വ്യക്തമാക്കി.
കേസുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ കോടതിയിൽവെച്ച് തങ്ങളോട് ചോദിച്ചത്. രണ്ട് പെൺകുട്ടികളുടെ പിതാവാണ് അഭിഭാഷകൻ പ്രതാപചന്ദ്രനും. അത് അദ്ദേഹം മറക്കരുത്. ഭാര്യ നഷ്ടമായ ഭർത്താവിന്റെ കേസാണ് താൻ എടുത്തിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഞാൻ ചെയ്തതിനുള്ള ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും പിതാവ് പറഞ്ഞു. പരമാവധി ശിക്ഷ പ്രതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അമ്മ സജിത വി നായർ പ്രതികരിച്ചു.
Story Highlights: Kiran Kumar taken to court; Huge police warm-up to provide security
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here