Advertisement

വിസ്മയയുടെ ആത്മാവ് ഈ വാഹനത്തിലുണ്ട്; ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ട് അച്ഛൻ കോടതിയിലേക്ക്

May 24, 2022
Google News 2 minutes Read
vismaya father

വിസ്മയ കേസിന്റെ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിലേക്ക് തിരിച്ചത് മകൾക്ക് നൽകിയ വാഹനത്തിൽ. വാഹനത്തിന്റെ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേൾക്കാൻ കോടതിയിലേക്ക് വരുന്നുണ്ടെന്ന വളരെ വൈകാരികമായ പ്രതികരണമാണ് ത്രിവിക്രമൻ നായർ നടത്തിയത്. ഈ വാഹനം വാങ്ങാൻ മകളുമൊത്താണ് പോയതെന്നും അവൾ ഇപ്പോഴും തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറയുന്നു. ത്രിവിക്രമൻ നായരും ഒരു ബന്ധുവുമാണ് കോടതിയിലേക്ക് പോകുന്നത്. ത്രിവിക്രമൻ നായർ വാഹനം ഓടിക്കുമ്പോൾ ബന്ധു പിൻസീറ്റിലാണിരിക്കുന്നത്.

വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്ന് അച്ഛൻ ത്രിവിക്രമൻ നായരും അമ്മ സജിത വി നായരും ട്വന്റിഫോറിനോട് പറഞ്ഞു. 4,87, 000 വോയ്സ് ക്ലിപ്പുകളാണ് കിരണിന്റെ ഫോണിൽ നിന്ന് സൈബർ സെല്ലിന് ലഭിച്ചത്. ഓട്ടോമറ്റിക്കായി കോളുകൾ ഫോണിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അവൻ അറിഞ്ഞില്ലായിരുന്നു. വോയ്സ് ക്ലിപ്പുകളനുസരിച്ച് ഇനിയും നിരവധി പ്രതികൾ വരും. അവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമമെന്നും അച്ഛൻ വ്യക്തമാക്കി.

Read Also: കിരണിന്റെ ഫോണിൽ 4,87, 000 വോയ്സ് ക്ലിപ്പുകൾ; ഇനിയും പ്രതികൾ വരുമെന്ന് വിസ്മയയുടെ അച്ഛൻ

കേസുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് പ്രതിഭാ​ഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ കോടതിയിൽവെച്ച് തങ്ങളോട് ചോദിച്ചത്. രണ്ട് പെൺകുട്ടികളുടെ പിതാവാണ് അഭിഭാഷകൻ പ്രതാപചന്ദ്രനും. അത് അദ്ദേഹം മറക്കരുത്. ഭാര്യ നഷ്ടമായ ഭർത്താവിന്റെ കേസാണ് താൻ എടുത്തിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഞാൻ ചെയ്തതിനുള്ള ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും പിതാവ് പറഞ്ഞു. പരമാവധി ശിക്ഷ പ്രതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അമ്മ സജിത വി നായർ പ്രതികരിച്ചു.

നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള ശിക്ഷ കോടതി ഇന്ന് രാവിലെ 11ന് വിധിക്കും. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. ഏഴു വർഷം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ കിരൺ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തൽ. രാവിലെ പതിനൊന്നു മണിയോടെ കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ശിക്ഷയെ കുറിച്ചുളള വാദം തുടങ്ങും. ഉച്ചയോടെ കോടതി വിധി പ്രഖ്യാപിക്കാനാണ് സാധ്യത. കിരണിന് ജീവപര്യന്തം ശിക്ഷ നൽകണമെന്ന ആവശ്യമാകും പ്രോസിക്യൂഷൻ ഉന്നയിക്കുക. പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവു നൽകണമെന്നാകും പ്രതിഭാഗത്തിന്റെ വാദം.

Story Highlights: vismayas father emptied the front seat of the car and went to court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here