Advertisement

കിരണിന്റെ ഫോണിൽ 4,87, 000 വോയ്സ് ക്ലിപ്പുകൾ; ഇനിയും പ്രതികൾ വരുമെന്ന് വിസ്മയയുടെ അച്ഛൻ

May 24, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്ന് അച്ഛൻ ത്രിവിക്രമൻ നായരും അമ്മ സജിത വി നായരും ട്വന്റിഫോറിനോട് പറഞ്ഞു. 4,87, 000 വോയ്സ് ക്ലിപ്പുകളാണ് കിരണിന്റെ ഫോണിൽ നിന്ന് സൈബർ സെല്ലിന് ലഭിച്ചത്. ഓട്ടോമറ്റിക്കായി കോളുകൾ ഫോണിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അവൻ അറിഞ്ഞില്ലായിരുന്നു. വോയ്സ് ക്ലിപ്പുകളനുസരിച്ച് ഇനിയും നിരവധി പ്രതികൾ വരും. അവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമമെന്നും അച്ഛൻ വ്യക്തമാക്കി.

കേസുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് പ്രതിഭാ​ഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ കോടതിയിൽവെച്ച് തങ്ങളോട് ചോദിച്ചത്. രണ്ട് പെൺകുട്ടികളുടെ പിതാവാണ് അഭിഭാഷകൻ പ്രതാപചന്ദ്രനും. അത് അദ്ദേഹം മറക്കരുത്. ഭാര്യ നഷ്ടമായ ഭർത്താവിന്റെ കേസാണ് താൻ എടുത്തിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഞാൻ ചെയ്തതിനുള്ള ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും പിതാവ് പറഞ്ഞു. പരമാവധി ശിക്ഷ പ്രതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അമ്മ സജിത വി നായർ പ്രതികരിച്ചു.

Read Also: വിസ്മയ കേസ് വിധി സർക്കാർ ഉദ്യോ​ഗസ്ഥർക്ക് പാഠമാകണം; മന്ത്രി ആന്റണി രാജു

നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള ശിക്ഷ കോടതി ഇന്ന് രാവിലെ 11ന് വിധിക്കും. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. ഏഴു വർഷം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ കിരൺ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തൽ. രാവിലെ പതിനൊന്നു മണിയോടെ കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ശിക്ഷയെ കുറിച്ചുളള വാദം തുടങ്ങും. ഉച്ചയോടെ കോടതി വിധി പ്രഖ്യാപിക്കാനാണ് സാധ്യത. കിരണിന് ജീവപര്യന്തം ശിക്ഷ നൽകണമെന്ന ആവശ്യമാകും പ്രോസിക്യൂഷൻ ഉന്നയിക്കുക. പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവു നൽകണമെന്നാകും പ്രതിഭാഗത്തിൻറെ വാദം.

സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡിഷണൽ സെഷൻസ് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. കിരൺ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഐപിസി 304 (ബി), ഗാർഹിക പീഡനത്തിനെതിരായ 498 (എ), ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകൾ മാത്രമാണ് തള്ളിക്കളഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിൻറെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി.

Story Highlights: 487000 voice clips on Kiran’s phone; Vismaya’s father says there will be more accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement