കിരണിന് ജീവപര്യന്തം കിട്ടിയില്ല, മേൽക്കോടതിയെ സമീപിക്കും; വിസ്മയയുടെ അമ്മ

വിസ്മയ കേസിലെ പ്രതി കിരൺകുമാറിന് കോടതിയിൽ നിന്ന് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും വിസ്മയയുടെ അമ്മ. നിമയപോരാട്ടം തുടരാനാണ് തീരുമാനം. പ്രതിക്ക് ജീവപര്യന്തമെങ്കിലും ലഭിക്കാനായി ഏതറ്റംവരെയും പോവും. നല്ല നിലയിൽ കേസ് അന്വേഷിച്ച പൊലീസുകാർക്കും വിഷയം ജനങ്ങളിലെത്തിച്ച മാധ്യമപ്രവർത്തകർക്കും നന്ദി അറിയിക്കുകയാണെന്നും വിസ്മയയുടെ അമ്മ പറഞ്ഞു.
കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വർഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാൽ ഒരുമിച്ച് 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.
വീട്ടിൽ വൃദ്ധരായ മാതാപിതാക്കളുണ്ടെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കിരൺ കുമാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അച്ഛന് ഓർമ്മക്കുറവും അമ്മയ്ക്ക് പ്രമേഹവുമുണ്ട്. അവരെ സംരക്ഷിക്കാൻ താനേയുള്ളൂ. തെറ്റ് ചെയ്തിട്ടില്ലെന്നും പ്രായമായ പിതാവിന് അപകടം പറ്റാൻ സാധ്യതയുണ്ടെന്നുമാണ് കിരൺകുമാർ പറഞ്ഞത്.
Read Also: വിസ്മയ കേസ്: കിരൺ കുമാറിന് 10 വർഷം കഠിന തടവ്; പന്ത്രണ്ടര ലക്ഷം രൂപ പിഴ
വിസ്മയ കേസിന്റെ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിലേക്ക് തിരിച്ചത് മകൾക്ക് നൽകിയ വാഹനത്തിലായിരുന്നു. വാഹനത്തിന്റെ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടാണ് അച്ഛൻ കോടതിയിലെത്തിയത്. വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേൾക്കാൻ കോടതിയിലേക്ക് വരുന്നുണ്ടെന്ന വളരെ വൈകാരികമായ പ്രതികരണമാണ് ത്രിവിക്രമൻ നായർ നടത്തിയത്.
വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്ന് അച്ഛൻ ത്രിവിക്രമൻ നായരും അമ്മ സജിത വി നായരും ട്വന്റിഫോറിനോട് പറഞ്ഞു. 4,87, 000 വോയ്സ് ക്ലിപ്പുകളാണ് കിരണിന്റെ ഫോണിൽ നിന്ന് സൈബർ സെല്ലിന് ലഭിച്ചത്. ഓട്ടോമറ്റിക്കായി കോളുകൾ ഫോണിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അവൻ അറിഞ്ഞില്ലായിരുന്നു. വോയ്സ് ക്ലിപ്പുകളനുസരിച്ച് ഇനിയും നിരവധി പ്രതികൾ വരും. അവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമമെന്നും അച്ഛൻ വ്യക്തമാക്കി.
Story Highlights: Will approach the apex court; vismayas Mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here