ഇനി കഠിന തടവ്; കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു

വിസ്മയ സ്ത്രീധനപീഡന കേസിലെ പ്രതി കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൊല്ലത്ത് നിന്നും രാവിലെയാണ് കിരണ്‍ കുമാറിനെ പൂജപ്പുരയിലെത്തിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു കിരണ്‍ കുമാറിന്റെ മറുപടി. കിരണിനൊപ്പം പൊലീസിന്റെ വലിയ സന്നാഹമാണ് ഉണ്ടായിരുന്നത്.
വിധിക്കെതിരെ അപ്പീല് പോകുമെന്ന് പ്രതിഭാഗം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കിരണ്‍ കുമാറിന് പത്ത് വര്‍ഷത്തെ കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ഇന്നലെയാണ് കോടതി ശിക്ഷയായി വിധിച്ചത്. ജഡ്ജി സുജിത് പി.എന്‍ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വര്‍ഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാല്‍ ഒരുമിച്ച് 10 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.
വീട്ടില്‍ വൃദ്ധരായ മാതാപിതാക്കളുണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അച്ഛന് ഓര്‍മ്മക്കുറവും അമ്മയ്ക്ക് പ്രമേഹവുമുണ്ട്. അവരെ സംരക്ഷിക്കാന്‍ താനേയുള്ളൂ. തെറ്റ് ചെയ്തിട്ടില്ലെന്നും പ്രായമായ പിതാവിന് അപകടം പറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് കിരണ്‍കുമാര്‍ പറഞ്ഞത്.
Story Highlights: kiran kumar poojappura central jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here