പെട്രോൾ ലിറ്ററിന് 420 രൂപ, ഡീസൽ 400; ശ്രീലങ്കയിൽ ഇന്ധനത്തിന് തീവില

സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ശ്രീലങ്കയിൽ ഇന്ധനവില റെക്കോർഡ് ഉയരത്തിലെത്തി.
ശ്രീലങ്കയിൽ ചൊവ്വാഴ്ച പെട്രോൾ വില 24.3 ശതമാനം വർധിപ്പിച്ചു. ഡീസൽ വിലയിൽ 38.4 ശതമാനം വർധനവുണ്ടായി. ശ്രീലങ്കയിൽ ഇന്ധനവില ഇത്രയധികം വർധിച്ചിട്ടില്ലെന്ന് രാജ്യത്തെ സാമ്പത്തികവിദഗ്ധർ പറയുന്നു.
ഏപ്രിൽ 19ന് ശേഷം ശ്രീലങ്കയിൽ ഇത് രണ്ടാം തവണയാണ് ഇന്ധനവില വർധിക്കുന്നത്. പുതിയ വർധനയോടെ ശ്രീലങ്കയിൽ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒക്ടെയ്ൻ 92 പെട്രോളിന് ഇപ്പോൾ ലിറ്ററിന് 420 രൂപയും ഡീസൽ വില 400 രൂപയിലുമെത്തി. ശ്രീലങ്കയിലെ എനർജി റെഗുലേറ്ററായ സിലോൺ പെട്രോളിയം കോർപ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇന്ധനവില വർധിപ്പിക്കാൻ തീരുമാനിച്ചത്.
പെട്രോൾ വില ഒറ്റയടിക്ക് 82 രൂപയും ഡീസലിന് 111 രൂപയുമാണ് വർധിപ്പിച്ചത്. പുതിയ വില ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ പ്രാബല്യത്തിൽ വന്നുവെന്ന് ശ്രീലങ്കൻ ഊർജ മന്ത്രി കാഞ്ചന വിജശേഖര ട്വിറ്ററിൽ അറിയിച്ചു. അതേസമയം ഇന്ധനവില വർധിച്ചതിനാൽ ഇനി മുതൽ ഓട്ടോകൾക്ക് ആദ്യത്തെ ഒരു കിലോമീറ്റർ യാത്രയ്‌ക്ക് 90 രൂപ മിനിമം നിരക്ക് നൽകേണ്ടിവരുമെന്ന് ശ്രീലങ്കയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പറഞ്ഞു. അതിനുശേഷം ഓരോ കിലോമീറ്ററിനും യാത്രക്കാരൻ 80 രൂപ നൽകണം.
വാഹനങ്ങളുടെ നിരക്ക് അസാധാരണമായി വർധിച്ചതിനാൽ പല കമ്പനികളും തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ധനവില കുതിച്ചുയരുന്നതിന് പിന്നിൽ വിതരണത്തിന്റെ കുറവാണെന്ന് ശ്രീലങ്കൻ സാമ്പത്തിക വിദഗ്ധർ കുറ്റപ്പെടുത്തുന്നു.
Story Highlights: Sri Lanka hikes fuel prices; petrol at all-time high of 420 rupees per litre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here