ലക്നൗ പുറത്ത്, രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ രാജസ്ഥാനെ നേരിടും

ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശ പോരിൽ എൽ.എസ്.ജിയെ 14 റണ്‍സിന് തോൽപിച്ചാണ് ആര്‍സിബി ക്വാളിഫയറിലേക്ക് യോഗ്യത നേടിയത്. 27ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ആര്‍സിബി രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.
ആര്‍സിബി ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന്റെ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സില്‍ അവസാനിച്ചു. ക്യാപ്‌റ്റൻ കെ എൽ രാഹുലും (58 പന്തിൽ 79) ദീപക് ഹൂഡയും (45) വിജയത്തിലേക്ക് കയറ്റുമെന്ന് തോന്നിപ്പിച്ചെങ്കിലും മൂന്ന് വിക്കറ്റെടുത്ത ജോഷ് ഹാസെൽവുഡ് കളി തിരിച്ചുപിടിച്ചു. അവസാന ഓവറില്‍ വമ്പനടിക്കാരനായ എവിന്‍ ലൂയിസിനെയും (6 പന്തില്‍ 2) ദുഷ്മാന്ത ചമീരയേയും (4 പന്തില്‍ 11) പിടിച്ചുകെട്ടിയ ഹര്‍ഷല്‍ ആര്‍സിബിക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി സെഞ്ചുറി നേടിയ രജത് പാട്ടിദാറിന്റെ മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. 54 പന്തുകള്‍ നേരിട്ട രജത് 12 ഫോറും ഏഴു സിക്‌സും പറത്തി 112 റണ്‍സോടെ പുറത്താകാതെ നിന്നു. ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ അണ്‍ക്യാപ്പ്ഡ് താരമെന്ന നേട്ടവും രജത് സ്വന്തമാക്കി. മനീഷ് പാണ്ഡെ (2009), പോള്‍ വാല്‍ത്താട്ടി (2011), ദേവ്ദത്ത് പടിക്കല്‍ (2021) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍. ഐപിഎല്‍ നോക്കൗട്ടിലെ ഒരു അണ്‍ക്യാപ്പ്ഡ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും രജത്തിന്റെ പേരിലായി.
27ന് രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസിനെ നേരിടും. വിജയികൾ 29ന് ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസുമായി ഏറ്റുമുട്ടും.
Story Highlights: Bangalore beat Lucknow by 14 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here