ലഖ്‌നൗവിനെ തല്ലിത്തകർത്ത് ജിതേഷ് ശർമ്മ; ക്വാളിഫയർ വണ്ണിൽ ബംഗളൂരു vs പഞ്ചാബ്

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ വിജയം. ലഖ്‌നൗവിനെ 6 വിക്കറ്റിന് തകർത്ത ബംഗളൂരു, 228 റൺസിന്റെ വിജയലക്ഷ്യം 8 പന്ത് ബാക്കി നിൽക്കെ മറികടന്നു. ജയത്തിൽ നിർണായക പങ്ക് വഹിച്ചത് പുറത്താകാതെ 85 റൺസ് നേടിയ ജിതേഷ് ശർമയാണ്. 54 റൺസ് നേടിയ വിരാട് കോലിയും, പുറത്താകാതെ 41 റൺസ് നേടിയ മായങ്ക് അഗർവാളും തിളങ്ങി. ജയത്തോടെ ആർസിബി ക്വാളിഫയർ വണ്ണിലേക്ക് യോഗ്യത നേടി.
മോശമല്ലാത്ത തുടക്കമായിരുന്നു ആർസിബിക്ക്. ആദ്യ വിക്കറ്റിൽ ഫിലിപ്പ് സാൾട്ട് (19 പന്തിൽ 30) – കോലി സഖ്യം 61 റൺസ് നേടി. ആറാം ഓവറിൽ സാൾട്ട് മടങ്ങി. ആകാശ് മഹാരാജ് വിക്കറ്റ് നേടി. തുടർന്ന് ക്രീസിലെത്തിയ രജത് പടിദാർ (14) തിളങ്ങാൻ സാധിച്ചില്ല. തൊട്ടടുത്ത പന്തിൽ ലിയാം ലിവിംഗ്സ്റ്റോണിനെ (0) ഗോൾഡൻ ഡക്കാക്കി. പിന്നീട് കോലിയും മടങ്ങി. അവേശ് ഖാനാണ് അദ്ദേഹത്തെ പുറത്താക്കിയത്. 10 ബൗണ്ടറികൾ ഉൾപ്പെടുത്തിയതാണ് കോലിയുടെ ഇന്നിംഗ്‌സ്.
ലക്നൗവിന്റെ സീസണിലെ അവസാന മത്സരത്തിൽ ഋഷഭ് പന്ത് വെടിക്കെട്ട് ബാറ്റിങാണ് കാഴ്ചവച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്‌നൗ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് നേടി. 61 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 118 റൺസ് നേടി. ഓപ്പണർ മിച്ചൽ മാർഷ് അർധസെഞ്ചുറി നേടി പുറത്തായി. മാത്യു ബ്രീറ്റ്സ്‌കി 14 റൺസെടുത്തു പുറത്തായെങ്കിലും, മാർഷും ക്യാപ്റ്റൻ പന്തും ചേർന്ന് ലഖ്‌നൗവിനെ മികച്ച സ്കോറിലേക്ക് നയിച്ചു. 10 പന്തുകൾ നേരിട്ട നിക്കോളാസ് പുരാൻ 13 റൺസെടുത്തു പുറത്തായി. ആർസിബിക്കായി നുവാൻ തുഷാര, ഭുവനേശ്വർ കുമാർ, റൊമാരിയോ ഷെഫേർഡ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights : IPL 2025: RCB beat LSG to enter Qualifier 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here