Advertisement

സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കരുത്, നയങ്ങൾ തിരുത്തണം; താലിബാനോട് യുഎൻഎസ്‌സി

May 26, 2022
Google News 2 minutes Read
UNSC urges Taliban to reverse policies restricting Afghan women's freedom

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ നേരിടുന്ന അവകാശ ലംഘനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ. പെൺകുട്ടികളുടെ മനുഷ്യാവകാശങ്ങളും, മൗലികാവകാശങ്ങളും നിയന്ത്രിക്കുന്ന നയങ്ങൾ പിൻവലിക്കാനും താലിബാനോട് ആവശ്യപ്പെട്ടു. വനിതാ ടെലിവിഷൻ അവതാരകർ മുഖം മറയ്ക്കണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് യുഎൻഎസ്‌സിയുടെ പ്രതികരണം.

വിദ്യാഭ്യാസം, തൊഴിൽ, സഞ്ചാരസ്വാതന്ത്ര്യം, പൊതുജീവിതത്തിൽ സ്ത്രീകളുടെ സമ്പൂർണ്ണവും തുല്യവുമായ പങ്കാളിത്തം എന്നിവയുടെ കടുത്ത ലംഘനമാണ് സംഭവിക്കുന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സ്വാതന്ത്ര്യം നിഷേധിക്കുന്ന നയങ്ങളിൽ ആശങ്ക അറിയിക്കുന്നു. കാലതാമസം കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമെന്നും, പെൺകുട്ടികളുടെ പഠനം ഉറപ്പ് വരുത്തണമെന്നും സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു.

ഇതുകൂടാതെ മയക്കുമരുന്ന് കടത്ത്, സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ഭീകരാക്രമണങ്ങൾ, രാജ്യത്തെ സാമ്പത്തിക, ബാങ്കിംഗ് സംവിധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചുള്ള ആശങ്കകളും യുഎൻഎസ്‌സി ഉയർത്തിക്കാട്ടുന്നതായി ‘ഖാമ പ്രസ്’ റിപ്പോർട്ട് ചെയ്തു. അതേസമയം വനിതാ ടെലിവിഷൻ അവതാരകർ മുഖംമറക്കൽ നിർബന്ധമാക്കിയതിനു പിന്നാലെ ഐക്യദാർഢ്യവുമായി പുരുഷ സഹപ്രവർത്തകർ രംഗത്തെത്തി. മാസ്‌ക് കൊണ്ട് മുഖംമറച്ചാണ് പുരുഷ അവതാരകർ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്.

ടോളോ ന്യൂസ്, 1ടി.വി തുടങ്ങിയ ചാനലുകളിലാണ് വാർത്താ അവതാരകരുടെ വേറിട്ട പ്രതിഷേധം. പ്രമോഷൻ ഓഫ് വിർച്യു ആൻഡ് പ്രിവൻഷൻ ഓഫ് വൈസ് മന്ത്രാലയമാണ് കഴിഞ്ഞ ശനിയാഴ്ച പുതിയ ഉത്തരവിറക്കിയത്. ടെലിവിഷനിലെ വനിതാ അവതാരകർ കണ്ണൊഴികെ മുഖം പൂർണമായി മറക്കണമെന്നായിരുന്നു ഉത്തരവ്. ഇതിനു പിന്നാലെ അഫ്ഗാനിലെ പ്രമുഖ ടെലിവിഷൻ ചാനലുകളായ ടോളോ ന്യൂസ്, അരിയാന ടെലിവിഷൻ, ഷംഷാദ് ടി.വി തുടങ്ങിയവയിലെ വനിതാ അവതാരകരെല്ലാം മുഖം മറച്ചാണ് വാർത്ത വായിച്ചത്.

Story Highlights: UNSC urges Taliban to reverse policies restricting Afghan women’s freedom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here