ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി. (world bank warns about financial crisis)
റഷ്യയുടെ യുക്രൈന്‍ അധിനിവേശം പ്രതിസന്ധി വര്‍ധിപ്പിച്ചെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. കൊവിഡിനെത്തുടര്‍ന്ന് ചൈനയില്‍ തുടരുന്ന ലോക്ക്ഡൗണും സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നുണ്ടെന്നും ഡേവിഡ് മാല്‍പാസ് പറഞ്ഞു. കഴിഞ്ഞ മാസം ലോകബാങ്ക് ഈ വര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ചാ പ്രവചനം 3.2 ശതമാനമായി കുറച്ചിരുന്നു.
യൂറോപ്പില്‍ ജര്‍മ്മനി ഉള്‍പ്പെടെ പലഭാഗങ്ങളിലും ഊര്‍ജ പ്രതിസന്ധി രൂക്ഷമാണ്. ഇന്ധനത്തിന് വില ഉയരുന്നത് വലിയ സാമ്പത്തിക രംഗങ്ങളെപ്പോലും സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഭക്ഷണത്തിന്റേയും ഊര്‍ജത്തിന്റേയും ഇന്ധനത്തിന്റേയും ക്ഷാമം വികസ്വര രാജ്യങ്ങളേയും വലയ്ക്കുന്നുണ്ടെന്ന് ലോകബാങ്ക് വിലയിരുത്തി.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നുള്ള തിരിച്ചുവരവ് തൃപ്തികരമല്ലെന്നാണ് ലോകബാങ്കിന് മുന്നിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണുകള്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടു. ഇന്ധനത്തിനായി റഷ്യയെ പൂര്‍ണമായും ആശ്രയിച്ച യൂറോപ്പ് അധിനിവേശവും അതേത്തുടര്‍ന്നുള്ള ഉപരോധവും മൂലം സമ്മര്‍ദത്തിലാണെന്നും ഡേവിഡ് മാല്‍പാസ് പറഞ്ഞു.
Story Highlights: world bank warns about financial crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here