Advertisement

ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണ പുതുക്കി രാജ്യം; സോണിയാ ഗാന്ധി ശാന്തിവനത്തിലെത്തി പുഷ്പാർച്ചന നടത്തി

May 27, 2022
Google News 2 minutes Read
nehru death anniversary sonia gandhi pays tribute

ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണ പുതുക്കി രാജ്യം. നെഹ്‌റുവിന്റെ അമ്പത്തിയെട്ടാം ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ശാന്തി വനത്തിലെത്തി പുഷ്പാർച്ചന നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജവഹർലാൽ നെഹ്‌റുവിന്റെ ചരമ വാർഷിക ദിനത്തിൽ ആദരമർപ്പിച്ചു. നെഹ്‌റുവിന്റെ ആശയങ്ങൾ രാജ്യത്ത് സമകാലീന പ്രസക്തിയുള്ളതാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ( nehru death anniversary sonia gandhi pays tribute )

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ അൻപത്തി എട്ടാം ഓർമദിനമാണിന്ന്. മതേതരത്വം, ജനാധിപത്യം, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കി ആധുനിക ഇന്ത്യക്ക് രൂപം നൽകാൻ നേതൃത്വം നൽകിയത് ജവഹർലാൽ നെഹ്‌റുവായിരുന്നു.

സ്വതന്ത്ര ഇന്ത്യ കണ്ട മികച്ച ഭരണാധികാരിയാണ് ജവഹർലാൽ നെഹ്രു. സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയ ആദർശങ്ങളാണ് നാല് പതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്. മതനിരപേക്ഷരാഷ്ട്രം എന്ന ആശയത്തിലൂന്നിയ വികസനമായിരുന്നു നെഹ്രുവിന്റെ ലക്ഷ്യം. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയരംഗത്തെ നിരവധി വികസനപദ്ധതികൾ നെഹ്രുവിന്റെ സംഭാവനയാണ്. ദരിദ്രരും നിരക്ഷരരുമായ ജനങ്ങൾ. പ്രതിസന്ധികൾ നിറഞ്ഞ കാർഷികരംഗം. സംഘർഷസാധ്യത ഏറെയുള്ള സാമൂഹ്യവ്യവസ്ഥിതി. സ്വതന്ത്ര ഇന്ത്യയുടെ ഭരണമേറ്റെടുക്കുമ്പോൾ വെല്ലുവിളികൾ ഏറെയായിരുന്നു നെഹ്രുവിന് മുന്നിൽ. ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതികളിലൂടെ വെല്ലുവിളികളെ മറികടന്നു നെഹ്രു. മതേതര ബഹുസ്വര രാജ്യമെന്ന സങ്കൽപത്തിന് അടിത്തറപാകിയതും ആ വിശാലമായ കാഴ്ചപ്പാടുകൾ തന്നെ.

സുശക്തമായ ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായ ഇന്ത്യൻ ഭരണഘടനയ്ക്ക് പരമപ്രാധാന്യം നൽകിയത് നെഹ്‌റുവാണ്. ആസൂത്രണ കമ്മീഷൻ, പഞ്ചവത്സര പദ്ധതി, ഐ.ഐ.ടിയും ഐ.ഐ.എമ്മും അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഡിആർഡിഒ അടക്കമുള്ള പ്രതിരോധ ഗവേഷണ സ്ഥാപനങ്ങൾ, ഐഎസ്ആർഒ ആധുനിക ഇന്ത്യയുടെ അഭിമാനമായ ഈ സ്ഥാപനങ്ങളെല്ലാം നെഹ്‌റുവിന്റെ സംഭാവനകളാണ്. ഒരു രാഷ്ട്രീയ നേതാവ് എന്നതിനൊപ്പം ധിക്ഷണാശാലിയായ എഴുത്തുകാരനും മികച്ച വാഗ്മിയുമായിരുന്നു ജവഹർലാൽ നെഹ്‌റു. ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്റ്ററി, ഡിസ്‌കവറി ഓഫ് ഇന്ത്യ എന്നിവ നെഹ്‌റുവിന്റെ ധിക്ഷണാശക്തി പ്രതിഫലിപ്പിക്കുന്ന രചനകളാണ്.

Story Highlights: nehru death anniversary sonia gandhi pays tribute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here