Advertisement

14 വർഷങ്ങൾക്കു ശേഷം രാജസ്ഥാൻ കലാശപ്പോരിൽ; അമരത്ത് മലയാളി

May 28, 2022
1 minute Read
rajasthan royals ipl final
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

14 വർഷങ്ങൾക്കു ശേഷം രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനലിലെത്തിയിരിക്കുകയാണ്. 2008ൽ, ഐപിഎലിൻ്റെ ആദ്യ സീസണിൽ ഷെയിൻ വോൺ ആണ് ഇതിനു മുൻപ് രാജസ്ഥാനെ ഫൈനലിലെത്തിച്ചത്. അക്കൊല്ലം കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സിനെ ഞെട്ടിച്ച് വോണും സംഘവും സമാനതകളില്ലാത്ത ക്രിക്കറ്റ് കാവ്യം എഴുതി. ആദ്യ സീസണു ശേഷം ഒരിക്കൽ പോലും ഫൈനൽ കളിക്കാൻ രാജസ്ഥാനു സാധിച്ചില്ല. അതാണ് ഒരു മലയാളിയുടെ കീഴിൽ രാജസ്ഥാൻ തിരുത്തിയെഴുതിയത്. (rajasthan royals ipl final)

കഴിഞ്ഞ സീസണിലാണ് സഞ്ജു റോയൽസിൻ്റെ നായകനായി അവരോധിക്കപ്പെടുന്നത്. പരുക്കും താരങ്ങളുടെ കൊഴിഞ്ഞുപോക്കും കൊണ്ട് വലഞ്ഞ രാജസ്ഥാൻ 14 മത്സരങ്ങളിൽ വെറും അഞ്ചെണ്ണം മാത്രമാണ് വിജയിച്ചത്. പോയിൻ്റ് പട്ടികയിൽ ഏഴാമതായി ടീം ഫിനിഷ് ചെയ്തു. എന്നാൽ, ഈ സീസണിൽ മാനേജ്മെൻ്റ് ടീം പൊളിച്ചെഴുതി. യുവതാരങ്ങളിൽ നിക്ഷേപം നടത്തുന്നതിനൊപ്പം ലേലത്തിൽ തങ്ങൾക്ക് വേണ്ടവരെ കൃത്യമായി ടീമിലെത്തിക്കാൻ അവർക്കു സാധിച്ചു. അശ്വിനെയും ചഹാലിനെയും ടീമിൽ എത്തിച്ചതുവഴി രണ്ട് മികച്ച സ്പിന്നർമാർ മാത്രമല്ല ടീമിലെത്തിയത്. രണ്ട് മികച്ച ക്രിക്കറ്റ് ബ്രെയിനുകൾ കൂടിയാണ്. പവർ പ്ലേയിൽ വിനാശം വിതയ്ക്കുന്ന ട്രെൻ്റ് ബോൾട്ട്. സ്കിഡ്ഡി പിച്ചുകളിൽ അപകടകാരിയാവുന്ന പ്രസിദ്ധ്. ഇതുവരെ വേണ്ടവിധത്തിൽ ഫ്രാഞ്ചൈസികൾ ഉപയോഗിക്കാത്ത ഷിംറോൺ ഹെട്‌മെയർ. ഡെത്ത് ഓവറുകളിൽ അഗ്രകണ്യനായ ഒബേദ് മക്കോയ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പ്രകടനം നേരിട്ടുകണ്ട് ഇഷ്ടപ്പെട്ട് സഞ്ജു സജസ്റ്റ് ചെയ്ത കുൽദീപ് സെൻ. ഒരു ചാമ്പ്യൻ ടീം രൂപപ്പെടുകയായിരുന്നു.

ഏഴാം നമ്പറിൽ അശ്വിൻ കളിക്കുന്ന ടീമിൻ്റെ ഏറ്റവും വലിയ പ്രശ്നവും അത് തന്നെയായിരുന്നു. ഒരു പ്രോപ്പർ ഓൾറൗണ്ടർ രാജസ്ഥാനുണ്ടായിരുന്നില്ല. ജിമ്മി നീഷവും ഡാരൽ മിച്ചലുമൊന്നും അതിനു പരിഹാരവുമായിരുന്നില്ല. അവിടെയാണ് അശ്വിൻ എന്ന ക്രിക്കറ്റ് ബ്രെയിൻ അത്ഭുതങ്ങൾ സൃഷ്ടിച്ചത്. മൂന്നാം നമ്പറിലടക്കം ബാറ്റ് ചെയ്ത അശ്വിൻ സീസണിൽ നേടിയത് ഒരു ഫിഫ്റ്റി അടക്കം 185 റൺസ്. 147നടുത്താണ് സ്ട്രൈക്ക് റേറ്റ്. ഡെസിഗ്നേറ്റഡ് ഫിനിഷർ ഹെട്‌മെയർ പരാജയപ്പെട്ട മത്സരത്തിൽ ആ റോളും അനായാസം എടുത്തണിഞ്ഞ അശ്വിൻ ചെന്നൈക്കെതിരെ ടീമിനെ വിജയിപ്പിച്ചത് 23 പന്തിൽ 40 റൺസ് എടുത്താണ്. ആ ജയമാണ് രാജസ്ഥാനെ പോയിൻ്റ് പട്ടികയിൽ രണ്ടാമത് എത്തിച്ചത്. വിജയത്തിനു ശേഷം അശ്വിൻ നടത്തിയ ആഘോഷ പ്രകടനം ആ ടീമിനെ അയാൾ എത്രമാത്രം സ്നേഹിക്കുന്നു എന്നതിൻ്റെ ഉദാഹരണമായിരുന്നു. അവിടെയാണ് ഒരു ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു മികച്ചുനിന്നത്.

ജോസ് ബട്‌ലറും ട്രെൻ്റ് ബോൾട്ടും അടങ്ങുന്ന സൂപ്പർ സ്റ്റാറുകളും ആർ അശ്വിനും യുസി ചഹാലും അടങ്ങുന്ന സീനിയർ താരങ്ങളുമൊക്കെ രാജസ്ഥാൻ്റെ പിങ്ക് ജഴ്സിയിൽ ഒറ്റക്കെട്ടായി നിന്നു. ടീമിൻ്റെ വിജയത്തിനായി അവരെല്ലാവരും 100 ശതമാനം നൽകി. അവരെ ഒരുമിച്ചുനിർത്തി സഞ്ജു എന്ന മലയാളിപ്പയ്യൻ നിറഞ്ഞുനിന്നു.

നാണം കുണുങ്ങിയായ ടീനേജുകാരനായി രാജസ്ഥാനൊപ്പം കൂടിയ സഞ്ജുവിൻ്റെ വളർച്ച നമ്മുടെ കണ്മുന്നിൽ വച്ചായിരുന്നു. ടാലൻ്റഡ് യങ്സ്റ്റർ എന്ന ലേബൽ കടന്ന്, റിലയബിൾ ബാറ്റർ എന്ന ലേബലിലൂടെ സഞ്ജു എത്തിയത് മില്ല്യൺ ഡോളർ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ പദത്തിൽ. തിരുവനന്തപുരത്തെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച്, നമ്മുടെ കണ്മുന്നിലൂടെ വളർന്ന നമ്മുടെ പയ്യൻ!

ഗുജറാത്തിനെതിരെ ഫൈനലിൽ രാജസ്ഥാൻ വിജയിച്ചുകൊള്ളണമെന്ന് നിർബന്ധമൊന്നുമില്ല. പരാജയപ്പെട്ടാലും രാജസ്ഥാനെയും സഞ്ജുവിനെയും സംബന്ധിച്ച് ഇത് വിജയമാണ്.

Story Highlights: rajasthan royals ipl final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement