Advertisement

കെ റെയിലിനെ എതിര്‍ക്കുന്നത് എന്തുകൊണ്ട്? വിശദീകരണ വിഡിയോയുമായി യുഡിഎഫ്

May 28, 2022
Google News 2 minutes Read
udf with explanatory video about k rail

എന്തുകൊണ്ട് കേരളത്തിന്റെ വികസന പദ്ധതിയായ കെ റെയിലിനെ എതിര്‍ക്കുന്നുവെന്ന് വ്യക്തമാക്കി യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച വിഡിയോയിലാണ് യുഡിഎഫ് നിലപാട് വ്യക്തമാക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് വിഡിയോയിലെ അവതാരകനായി എത്തുന്നത്.(udf with explanatory video about k rail)

‘വികസനമാണല്ലോ ഇപ്പോഴത്തെ ചര്‍ച്ച. യുഡിഎഫ് വികസന വിരുദ്ധരാണോ? ആയിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ നെടുമ്പാശ്ശേരി വിമാനത്താവളമോ കൊച്ചി മെട്രോയോ ഗോശ്രീ അടക്കമുള്ള പാലങ്ങളോ എണ്ണിയാലൊടുങ്ങാത്ത റോഡുകളോ സ്‌കൂളുകളോ മെഡിക്കല്‍ കോളജുകളോ ഇന്‍ഫോ പാര്‍ക്കോ സ്മാര്‍ട്ട് സിറ്റിയോ ഉണ്ടാകുമായിരുന്നില്ല. പിന്നെയും എന്തിനാണ് യുഡിഎഫ് കെ റെയിലിനെ എതിര്‍ക്കുന്നത്?

ഒരു രാത്രി മഴ പെയ്താല്‍ പിറ്റേ ദിവസം പ്രളയമുണ്ടാകുന്ന കേരളത്തിന്റെ മണ്ണില്‍ കെ റെയില്‍ ഒരുക്കുന്നത് ഏറ്റവും വലിയ ചതിക്കുഴിയാണ്. കേരളത്തെ പടിഞ്ഞാറന്‍ കേരളമെന്നും കിഴക്കന്‍ കേരളമെന്നും രണ്ടായി വേര്‍തിരിക്കുന്ന അതിര്‍. അതായത് 35 മുതല്‍ 40 അടിവരെ ഉയരമുള്ള 328ഓളം കിലോമീറ്റര്‍ കോട്ടയാണ് കേരളത്തില്‍ കെട്ടിപ്പൊക്കാന്‍ പോകുന്നത്. ഭൂമിയിലൂടെയുള്ള പാതയിലും ഏകദേശം പത്തടിയോളം ഉയരത്തില്‍ മതില്‍ക്കെട്ടുമുണ്ട് കെ റെയിലിന്. ഇത് കേരളത്തിലെ വെള്ളത്തിന്റെ ഒഴുക്കിനെ പ്രതിരോധിക്കുകയും കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

കെഎസ്ആര്‍ടിസിയെ 2000 കോടി രൂപയുടെ നഷ്ടത്തിലാക്കി ദയാവധത്തിന് തളളിവിട്ട സര്‍ക്കാരാണ് കെ റെയില്‍ കൊണ്ടുവരുമെന്ന് പറയുന്നത്. അടുത്ത മാസം ശമ്പളം കൊടുക്കാന്‍ നിവൃത്തിയില്ലെന്ന് പറയുന്ന സര്‍ക്കാര്‍, എങ്ങനെയാണ് കെ റെയില്‍ കൊണ്ടുവരുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

Read Also: കാന്താ വേഗം പോകാം.. പൂരം കാണാന്‍ സില്‍വര്‍ ലൈനില്‍..; തൃശൂരിലേക്കുള്ള നിരക്കുകള്‍ വിവരിച്ച് കെ റെയില്‍

385 കോടിയുടെ കടവുമായി കഴിയുന്ന മുഖ്യമന്ത്രി ചെയര്‍മാനായ കണ്ണൂര്‍ വിമാനത്താവളവും 1600 കോടിയുടെ കടത്തിലുള്ള ബിവറജസ് കോര്‍പറേഷനും 400 കോടിയുടെ കടത്തിന്റെ കണക്കുപറയുന്ന കേരളാ വാട്ടര്‍ അതോറിറ്റി, 16,000 കോടിയുടെ കടത്തില്‍ കഴിയുന്ന കെഎസ്ഇബി എന്നിവയൊക്കെയാണ് ചുറ്റിലുമുള്ളത്.

കെ റെയിലുകൊണ്ട് കേരളത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുമോ?

ഇല്ലെന്നാണ് ഉത്തരം. കാരണം കെ റെയിലിന് ജില്ലയിലാകെ ഒരൊറ്റ സ്‌റ്റോപ്പുമാത്രമാണുള്ളത്. തൃക്കാക്കരക്കാര്‍ക്ക് ഏറ്റവുമധികം പ്രയോജനമാകുമായിരുന്നത് കലൂര്‍ മുതല്‍ കാക്കനാട് വരെയുള്ള മെട്രോയുടെ എക്‌സ്‌റ്റെന്‍ഷനായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇന്‍ പ്രിന്‍സിപ്പള്‍ അനുമതി തേടിയ ആ പദ്ധതി എന്തുകൊണ്ട് ആറുവര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞില്ല? ഈ സര്‍ക്കാര്‍ എങ്ങനെയാണ് കെ റെയില്‍ നടപ്പിലാക്കാന്‍ പോകുന്നത്?

കേരളത്തിന്റെ സിലിക്കണ്‍ വാലിയാകേണ്ടുന്ന ഇന്‍ഫോപാര്‍ക്കിലേക്കുള്ള മെട്രോയുള്ള വികസനവും പൂര്‍ത്തിയായില്ല. തൃക്കാക്കരയില്‍ മത്സരിക്കുന്ന എല്‍ഡിഎഫിനോട് ഒന്നുചോദിക്കാനുണ്ട്? 99 ഉണ്ടായിട്ട് നിങ്ങളീ നാടിന് വേണ്ടി എന്തുചെയ്തു?’ യുഡിഎഫ് ചോദിക്കുന്നു.

Story Highlights: udf with explanatory video about k rail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here