സിദ്ദു മൂസൈവാലയുടെ കൊലപാതകം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

പഞ്ചാബ് പോപ്പ് ഗായകൻ സിദ്ദു മൂസൈവാലയുടെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി . ഉത്തരാഖണ്ഡ് സ്വദേശി മൻപ്രീത് സിംഗിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളെ മാൻസ കോടതിയിൽ ഹാജരാക്കി. മൻപ്രീത് സിംഗിനെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാൾ ഉൾപ്പെടെ 6 പേരെ കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
മയക്കുമരുന്ന് കച്ചവടക്കാരനായ മൻപ്രീത് സിംഗ് നേരത്തെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉത്തരാഖണ്ഡ് പൊലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും സഹായത്തോടെയ ഡെറാഡൂണിൽ നിന്നാണ് പഞ്ചാബ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അതേസമയം മൂസൈവാലയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മൂസൈവാലയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യും. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിലാണ് ലോറൻസ് ബിഷ്ണോയ്. ലോറൻസുമായി അടുത്ത ബന്ധം പുലർത്തുന്ന ഗോൾഡി ബ്രാർ സംഘം നേരത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. കാനഡ കേന്ദ്രീകരിച്ചാണ് ഗോൾഡി ബ്രാറിന്റെ പ്രവർത്തനം.
Read Also: സിദ്ദു മൂസെ വാലക്ക് ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് നിരന്തരം ഭീഷണികൾ ഉണ്ടായിരുന്നെന്ന് പിതാവ്
പഞ്ചാബ് പൊലീസ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെ രണ്ടുദിവസം മുമ്പാണ് മൂസൈവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവേയായിരുന്നു സംഭവം. മൂസൈവാലയുടെ ശരീരത്തിൽ നിന്ന് 24 വെടിയുണ്ടകൾ കണ്ടെടുത്തു. നെഞ്ചിലും വയറിലുമാണ് കൂടുതലായും വെടിയേറ്റത്.
Story Highlights: First arrest made by Punjab Police in Sidhu Moose Wala’s murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here