അമ്മയുടെ ചിത്രം പിടിച്ച് പെൺകുട്ടി, അരികിലേക്കോടിയെത്തി പ്രധാനമന്ത്രി

ഷിംലയിലെ റിഡ്ജ് മൈതാനത്തിലേക്കുള്ള വഴിയിലുടനീളം പ്രധാനമന്ത്രിയെ കാണാൻ വൻ ജനക്കൂട്ടം ഒഴുകിയെത്തി. ആൾക്കൂട്ടത്തിനിടയിൽ ഒരു പെൺകുട്ടിയെ കണ്ട് മോദിയുടെ വാഹനം നിർത്തി ഇറങ്ങി. അവളുടെ കൈയിലെ ചിത്രമാണ് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. അമ്മ ഹീരാബെൻ മോദിയുടെ ചിത്രമാണ് അനു കൈയിൽ പിടിച്ചിരുന്നത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ബിജെപി സർക്കാരിന്‍റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ഷിംലയിൽ പൊതുപരിപാടി സംഘടിപ്പിച്ചത്. ഇതിനിടെയാണ് സംഭവം. അമ്മയുടെ ചിത്രം കണ്ട പ്രധാനമന്ത്രി തന്റെ വാഹനവ്യൂഹം നിർത്തി പെൺകുട്ടിയുടെ അടുത്തെത്തി. പെൺകുട്ടിയോട് അദ്ദേഹം സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. “പേരെന്താണ്? എവിടെയാണ് താമസിക്കുന്നത്? എത്ര ദിവസമെടുത്തു ഈ പെയിന്റിംഗ് തീർക്കാൻ?” പ്രധാനമന്ത്രി മോദി പെൺകുട്ടിയോട് ചോദിച്ചു.
താൻ ഷിംലയിൽ നിന്നുള്ളയാളാണെന്നും ഒറ്റ ദിവസം കൊണ്ടാണ് ഹീരാബെന്നിന്റെ ചിത്രം വരച്ചതെന്നുമായിരുന്നു അനുവിന്റെ മറുപടി. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് മുഖേന പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്ത അദ്ദേഹത്തിന്റെ ഒരു പെയിന്റിംഗും താൻ വരച്ചതാണെന്ന് അവർ പ്രധാനമന്ത്രിയെ അറിയിച്ചു. തുടർന്ന് പെൺകുട്ടി പ്രധാനമന്ത്രി മോദിയുടെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങി.
‘ഗരീബ് കല്യാൺ സമ്മേളന’ത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച ഷിംലയിലെത്തിയത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിക്ക് കീഴിൽ 10 കോടിയിലധികം ഗുണഭോക്താക്കളായ കർഷകർക്ക് അദ്ദേഹം 21,000 കോടി രൂപ അനുവദിച്ചു. ചടങ്ങിൽ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായും പ്രധാനമന്ത്രി സംവദിച്ചു. കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടി ഷിംലയിലെ റിഡ്ജ് മൈതാനിയിൽ നടന്നു.
Story Highlights: PM Modi stops his car in Shimla to accept portrait of his mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here