Advertisement

”നാണമില്ലെ മിസ്റ്റർ സ്വരാജ്” കള്ള വോട്ട് ആരോപണത്തിൽ സ്വരാജിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

May 31, 2022
Google News 2 minutes Read
rahul mankootathil

തൃക്കാക്കരയിലെ കള്ളവോട്ട് ആരോപണവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് എം സ്വരാജിനെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കള്ള വോട്ട് ചെയ്യാനായി സിപിഐഎം വ്യാജ തിരിച്ചറിയൽ കാർഡ് കൊടുത്ത് ആളെ വിടുകയാണെന്നാണ് രാഹുലിന്റെ ആരോപണം. തൃക്കാക്കരക്കാരുടെ ജനഹിതത്തെ വെല്ലുവിളിക്കാനും, അവരുടെ വോട്ട് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ മാർഗത്തിലൂടെ മറ്റൊരാളെ കൊണ്ട് ചെയ്യിക്കാനും നാണമില്ലെ മിസ്റ്റർ സ്വരാജ് എന്ന് രാഹുൽ പോസ്റ്റിലൂടെ ചോദിക്കുന്നു.

” വളഞ്ഞ വഴിയിലൂടെ യുഡിഎഫ് ഭൂരിപക്ഷം കുറയ്ക്കുവാൻ കഴിയുമോയെന്നാണ് സിപിഐഎം തൃക്കാക്കരയിൽ തുടക്കം തൊട്ട് പരീക്ഷിക്കുന്ന തന്ത്രം. ആ കുതന്ത്രത്തിന്റെ ഭാഗമായ ഒരുപാട് നാടകങ്ങൾ നമ്മൾ കണ്ടു. ഒന്നും വേണ്ട പോലെ ഏല്ക്കുന്നില്ലായെന്ന് കണ്ട സിപിഐഎം ഇറക്കിയ അടുത്ത ആയുധമാണ് കള്ളവോട്ട്.

കള്ളവോട്ട് തടയാൻ വലിയ ജാഗ്രതയും തയ്യാറെടുപ്പുമാണ് ഞങ്ങൾ നടത്തിയിരിക്കുന്നത് എന്ന് പല തവണ ഓർമ്മിപ്പിച്ചതാണ്. എന്നിട്ടും നിങ്ങൾ കള്ള വോട്ട് ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് കൊടുത്ത് ആളെ വിടുന്നു, ഞങ്ങൾ കൈയ്യോടെ പിടികൂടുന്നു. നാണമില്ലെ മിസ്റ്റർ സ്വരാജ് തൃക്കാക്കരക്കാരുടെ ജനഹിതത്തെ വെല്ലുവിളിക്കാനും, അവരുടെ വോട്ട് നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ മാർഗത്തിലൂടെ മറ്റൊരാളെ കൊണ്ട് ചെയ്യിക്കാനും.

Read Also: സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് യുഡിഎഫ് മാപ്പ് പറയണം; എം സ്വരാജ്

എന്തായാലും താങ്കൾ വ്യാജ കാർഡ് കൊടുത്ത് വിട്ട മറ്റൊരു സിപിഐഎം നേതാവിനെ കൂടി കള്ളവോട്ട് ചെയ്യുന്നതിൽ നിന്ന് തടഞ്ഞ്, ഞങ്ങൾ പൊലീസിനെ ഏൽപ്പിച്ചിട്ടുണ്ട്. കരം അടച്ച രസീതുമായി പെട്ടെന്ന് സ്റ്റേഷനിൽ എത്താൻ നോക്കു ”. രാഹുൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടിയതോടെ യുഡിഎഫിനെ കടന്നാക്രമിച്ച് എം സ്വരാജ് രം​ഗത്തെത്തിയിരുന്നു. നാണവും മാനവുമുണ്ടെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്നും കെപിസിസി പ്രസിഡന്റ് മാപ്പ് പറയണമെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. കള്ളവോട്ട് നടന്നത് അറിഞ്ഞിട്ടില്ലെന്ന് എൽഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് പ്രതികരിച്ചു. കള്ളവോട്ട് ചെയ്ത ജയിക്കേണ്ട ആവശ്യമില്ല. മികച്ച വിജയപ്രതീക്ഷയിലാണ് തങ്ങളെന്നും ആത്മവിശ്വാസം വര്‍ധിച്ചുവെന്നും ജോ ജോസഫ് പറഞ്ഞു.

തൃക്കാക്കരയിലെ പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്‍റ് സ്കൂള്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ചയാളാണ് പൊലീസിന്‍റെ പിടിയിലായിരുന്നു. പിറവ൦ പാമ്പാക്കുട സ്വദേശി ആല്‍ബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥലത്തില്ലാത്ത സഞ്ജു ടി എസ് എന്ന വ്യക്തിയുടെ പേരിലാണ് ആല്‍ബിന്‍ വോട്ട് ചെയ്യാൻ ശ്രമിച്ചത്. ആല്‍ബിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Story Highlights: Rahul criticizes Swaraj for fraudulent vote

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here