ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ തൃക്കാക്കര ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ തൃക്കാക്കരക്കാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ തന്നെ പൂർത്തിയായിട്ടുണ്ട്. കള്ളവോട്ട് തടയാൻ ശക്തമായ നടപടി സ്വീകരിച്ചെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
196805 വോട്ടർമാരാണ് തൃക്കാക്കരയിൽ ഇന്ന് വിധിയെഴുതാൻ പോകുന്നത്. ആകെയുള്ള 239 ബൂത്തുകളിൽ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഒരുക്കിയിട്ടുണ്ട്. 956 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.
Read Also: തൃക്കാക്കരയ്ക്ക് ആവശ്യം ഒരു ഭരണപക്ഷ എംഎല്‍എയെ: ജോ ജോസഫ്
മഹാരാജാസ് കോളജിലാണ് സ്‌ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തിൽ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോയില്ല. എങ്കിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനമാകെ ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാൻ വെള്ളിയാഴ്ച വരെ കാത്തിരിക്കണം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം ഉറപ്പാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. വോട്ട് കുറയുന്ന സാഹചര്യമുണ്ടായാൽ അതിൻ്റെ ഉത്തരവാദിത്തം തനിക്കാണ്. കള്ളവോട്ട് ചെയ്യുന്നത് മുഴുവൻ സിപിഐഎം ആണെന്ന് പകൽ പോലെ വ്യക്തമായിട്ടുള്ള കാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ തിരിച്ചടിച്ചു. തൃക്കാക്കരയിൽ പക്ഷേ അത് നടക്കില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ കേരളത്തിൽ യുഡിഎഫിൻ്റെ തകർച്ച പൂർണമാകും. ഇടതുപക്ഷം വൻ വിജയം നേടും. വി ഡി സതീശൻ പറയുന്നത് ആരെങ്കിലും കണക്കിൽ എടുക്കുമോയെന്നും ഇ പി ജയരാജൻ ചോദിച്ചു.
Story Highlights: Thrikkakara by-election, polling today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here