തൃക്കാക്കരയില്‍ വിധിയെന്താകും?; പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസുമായി സ്ഥാനാര്‍ത്ഥികള്‍

പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസുമായി തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥികള്‍. കലൂര്‍ പള്ളിയിലും പാലാരിവട്ടം അമ്പലത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് ദര്‍ശനം നടത്തി. ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണനും കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് വാഴക്കാലയിലെ വീട്ടിലാണുള്ളത്.
പി.ടി തോമസിനോടൊപ്പം നിലകൊണ്ട ജനങ്ങള്‍ തനിക്കൊപ്പവും നില്‍ക്കുമെന്ന് ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
‘എന്നും എപ്പോഴത്തെയും പോലെ പി.ടിക്ക് മുന്നില്‍ പ്രാര്‍ത്ഥനയോടെയാണ് ഇന്നത്തെ ദിവസവും തുടങ്ങിയത്. ‘നല്ലതേ വരാവൂ എന്ന പ്രാര്‍ത്ഥനയോടെയാണ് തുടങ്ങിയത്. അപ്പയ്ക്ക് വേണ്ടി തന്നെയാണ് ഞാന്‍ നില്‍ക്കുന്നത്. എല്ലാവരുടെയും അംഗീകാരം ഒപ്പമുണ്ടാകണേ. അപ്പയ്ക്ക് വേണ്ടി ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കൂടെയുണ്ടാകണമെന്നാണ് പ്രാര്‍ത്ഥിച്ചത്.
ഞാന്‍ പ്രാര്‍ത്ഥനകളില്‍ വിശ്വസിക്കുന്ന ഒരാളാണ്. പ്രകൃതി പോലും അനുകൂലമായി നില്‍ക്കുകയാണ്. മനസിന് നല്ല ധൈര്യമുണ്ട്. തൃക്കാക്കര ജനത എന്നെ അംഗീകരിക്കുമെന്ന് തന്നെയാണ് വിശ്വാസം. എന്റെ കൂടെ പ്രവര്‍ത്തിച്ചവരുടെ മുഴുവന്‍ ഊര്‍ജവും കൂടെയുണ്ട്. വീട്ടിലെ മുതിര്‍ന്ന അംഗത്തിന്റെ അനുഗ്രഹം വാങ്ങിയാണ് തുടക്കം’. കലൂര്‍ പള്ളിയിലും പാലാരിവട്ടം അമ്പലത്തിലും ഉമാ തോമസ് എത്തി.
കള്ളവോട്ട് തടയാന്‍ ശക്തമായ നടപടി സ്വീകരിച്ചെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 196805 വോട്ടര്‍മാരാണ് തൃക്കാക്കരയില്‍ ഇന്ന് വിധിയെഴുതാന്‍ പോകുന്നത്. ആകെയുള്ള 239 ബൂത്തുകളില്‍ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഒരുക്കിയിട്ടുണ്ട്. 956 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
Read Also: തൃക്കാക്കര വോട്ടെടുപ്പിന് സജ്ജം; മോക് പോളിങ് തുടങ്ങി
മഹാരാജാസ് കോളജിലാണ് സ്‌ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തില്‍ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോയില്ല. എങ്കിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനമാകെ ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാന്‍ വെള്ളിയാഴ്ച വരെ കാത്തിരിക്കണം.
Story Highlights: thrikkakkara by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here