ട്വന്റിഫോര്‍ ഇംപാക്ട്: ട്രൈബല്‍ സ്‌കൂളുകളുടെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

പൊന്മുടി യു പി സ്‌കൂളിന്റെ ശോച്യാവസ്ഥയെക്കുറിച്ചുള്ള ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ടിന് പിന്നാലെ ട്രൈബല്‍ സ്‌കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രി വി ശിവന്‍കുട്ടി. ട്വന്റിഫോര്‍ ന്യൂസിനോട് സംസാരിക്കുന്ന വേളയില്‍ തന്നെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ട്രൈബല്‍ സ്‌കൂളുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. (minister v sivankutty assures the development of tribal schools)
പൊന്മുടി യു പി സ്‌കൂളിന്റെ ശോച്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലൂടെ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങള്‍ ന്യായമാണെന്ന് മന്ത്രി വ്യക്തമാക്കി. എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചാല്‍ വിഷയത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് മന്ത്രി അറിയിച്ചു.
ട്വന്റിഫോര്‍ ന്യൂസ് ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് മറുപടിയായാണ് ട്രൈബല്‍ സ്‌കൂളുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് മന്ത്രി അറിയിച്ചത്. സ്‌കൂളുകള്‍ തുറക്കുന്നതിനായി എല്ലാം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് യാതൊരു ആശങ്കയും വേണ്ട. സ്‌കൂളുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ ടൈംടേബിളില്‍ ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യം ഉറപ്പുവരുത്തുമെന്നും വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Story Highlights: minister v sivankutty assures the development of tribal schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here