1.4 കോടി രൂപയുടെ വാർഷിക പാക്കേജ്; ഐഐഐടി അലഹബാദ് വിദ്യാർത്ഥിക്ക് ഗൂഗിളിൽ ജോലി…

കഠിനാധ്വാനത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല. അതിന്റെ അവസാനം തീർച്ചയായും നമുക്ക് വിജയം സമ്മാനിക്കും. തന്റെ പ്രയത്നം കൊണ്ട് ജീവിതം മാറ്റിമറിച്ച പ്രഥം പ്രകാശ് ഗുപ്തയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അലഹബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ എം.ടെക് അവസാന വർഷ വിദ്യാർത്ഥിയായ ഗുപ്തയ്ക്ക് ഗൂഗിളിൽ നിന്ന് 1.4 കോടിയുടെ വാർഷിക പാക്കേജിലാണ് ജോലി ലഭിച്ചിരിക്കുന്നത്. ഇത് പ്രതിമാസം ഏകദേശം 11.6 ലക്ഷം രൂപയ്ക്ക് തുല്യമാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഗുപ്തയെ കൂടാതെ, ഇൻസ്റ്റിറ്റ്യൂട്ടിലെ എം.ടെക് ബാച്ചിലെ മറ്റ് നിരവധി വിദ്യാർത്ഥികളും മികച്ച ടെക് കമ്പനികളിൽ കോടികളുടെ പാക്കേജുകളിൽ ജോലി സ്വന്തമാക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയം. ഗൂഗിളിന്റെ ലണ്ടൻ ബ്രാഞ്ചിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായാണ് ഗുപ്തയെ നിയമിച്ചത്. ഈ വർഷം തന്നെയാണ് കമ്പനിയിൽ ജോലി ആരംഭിക്കുന്നത്. എന്നാൽ കൃത്യമായ സമയം വെളിപ്പെടുത്തിയിട്ടില്ല.
“കഴിഞ്ഞ കുറച്ച് മാസങ്ങളായി, ലോകത്തിലെ ഏറ്റവും വലിയ ചില ഓർഗനൈസേഷനുകളിൽ നിന്ന് അതിശയകരമായ ഓഫറുകൾ നേടാൻ എനിക്ക് ഭാഗ്യമുണ്ടായി. എന്നാൽ ഗൂഗിളിൽ നിന്നുള്ള ഒരു ഓഫർ ഞാൻ സ്വീകരിച്ച വിവരം നിങ്ങളുമായി പങ്കുവെക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ വർഷം എന്റെ ബിരുദം പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ അവരുടെ ലണ്ടനിലെ ബ്രാഞ്ചിൽ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ഞാനും അവരോടൊപ്പം ചേരും. എന്റെ കരിയറിലെ ഈ പുതിയ ഘട്ടത്തിൽ വളരെ ആവേശത്തിലാണ് ഞാൻ”. സന്തോഷ വിവരം പങ്കുവെച്ച് ഗുപ്ത കുറിച്ചതിങ്ങനെ. കഴിഞ്ഞ ഏപ്രിലിൽ ലഖ്‌നൗവിലെ ഐഐഐടിയിലെ ബിടെക് (ഇൻഫർമേഷൻ ടെക്‌നോളജി) അവസാന വർഷ വിദ്യാർത്ഥിയായ അഭിജിത്ത് ദ്വിവേദിയും ആമസോണിൽ 1.2 കോടി രൂപയുടെ പാക്കേജ് നേടിയിരുന്നു.
Story Highlights: pratham gupta iiit allahabad job with google 1 crore 40 lakh package
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here