ഇന്ധന വിലയിൽ പ്രതിഷേധിച്ചു, തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ കേസ്

പെട്രോൾ, ഡീസൽ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സെക്രട്ടേറിയറ്റിൽ പ്രതിഷേധിച്ച ബിജെപി അധ്യക്ഷനെതിരെ കേസ്. അനുമതിയില്ലാതെ പ്രകടനവും മാർച്ചും നടത്തിയതിന് കെ അണ്ണാമലൈയ്‌ക്കെതിരെയും, അയ്യായിരത്തിലധികം പ്രവർത്തകർക്കുമെതിരെയാണ് തമിഴ്‌നാട് പൊലീസ് കേസ് എടുത്തത്.
കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ച പശ്ചാത്തലത്തില്‍ തമിഴ്‌നാടും നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി മാര്‍ച്ച് സംഘടിപ്പിച്ചത്. അണ്ണാമലയ്‌ക്കൊപ്പം ബിജെപി പ്രവർത്തകർ ചൊവ്വാഴ്ചയാണ് മാർച്ച് നടത്തിയത്. കേന്ദ്രം ഇന്ധനവില കുറച്ചു, ഇനി സംസ്ഥാന സർക്കാർ വാഗ്ദാനങ്ങൾ പാലിക്കണമെന്നും വില കുറയ്ക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുള്ളതാണെന്നും അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു.
“പെട്രോൾ, ഡീസൽ വില യഥാക്രമം 5 രൂപയും 4 രൂപയും കുറയ്ക്കുമെന്ന് ഡിഎംകെ അവരുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ ഇന്ധനവില കുറച്ചു. പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത കാര്യങ്ങൾ സംസ്ഥാന സർക്കാർ നടപ്പാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.” അണ്ണാമലൈ വ്യക്തമാക്കി. അതേസമയം, സമീപകാലത്തൊന്നുമില്ലാത്ത വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നികുതി കുറച്ചത്.
Story Highlights: Tamil Nadu BJP chief booked for protesting against fuel prices