Advertisement

കാർഡിയാക് സർജറി ട്രെയിനിങ്ങിന്റെ രണ്ടാം ഘട്ടം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ; അപൂർവ നേട്ടവുമായി ഡോ. ഐശ്വര്യ മധു

June 3, 2022
Google News 1 minute Read
aswathi

കാർഡിയാക് സർജറി രം​ഗത്ത് മികവ് തെളിയിച്ച് കനേഡിയൻ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് കാനഡയിലെ കാൽഗറിയിൽ നിന്നുള്ള ഡോ. ഐശ്വര്യ മധു. ഈ യുവഡോക്റ്റർ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലാണ് കാർഡിയാക് സർജറി ട്രെയിനിങ്ങിന്റെ രണ്ടാം ഘട്ടം ചെയ്യാനൊരുങ്ങുന്നത്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് ഡോ. ഐശ്വര്യ ഈ അപൂർവ നേട്ടം കൈവരിച്ച് കനേഡിയൻ മലയാളികളുടെ അഭിമാനമാവുന്നത്.

ഇപ്പോൾ ഒന്റാറിയോയിലെ ഹാമിൽട്ടൺ ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ഐശ്വര്യ വരുന്ന ജൂണോടു കൂടി അമേരിക്കയിലെ ബോസ്റ്റണിലുള്ള ഹാർവാർഡ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ തന്റെ പരിശീലനം ആരംഭിക്കും. കാനഡ-കാൽഗറിയിൽ സ്ഥിര താമസമാക്കിയ മധു മേനോന്റെയും ലീന മധുവിന്റെയും മകളാണ് ഡോ. ഐശ്വര്യ മധു.

കുട്ടിക്കാലത്തേയുള്ള സ്വപ്നമായിരുന്നു കാർഡിയാക് സർജറിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതെന്ന് ഡോ. ഐശ്വര്യ മധു പറയുന്നു. ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയെന്നത് മനസിന് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. സർജറിയെപ്പറ്റി കേൾക്കുമ്പോൾത്തന്നെ എല്ലാവർക്കും പേടിയാണ്. അവർക്ക് ധൈര്യം കൊടുത്ത് രോ​ഗത്തിൽ നിന്ന് മോചിപ്പിക്കുകയെന്നതാണ് പ്രധാനം.

99 ശതമാനം കഠിനാധ്വാനവും ഒരു ശതമാനം ഭാ​ഗ്യവുമാണ് ഒരു ഡോക്റ്ററാവാൻ വേണ്ടത്. മികച്ച ഡോക്റ്ററാവുക എന്ന ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ വലിയ കഠിനാധ്വാനം ആവശ്യമാണ്. അതിന് കുറുക്കുവഴികളില്ല. തന്നെ ഈ നിലയിലെത്തിക്കുന്നതിൽ മാതാപിതാക്കൾ വഹിച്ച പങ്ക് വലുതാണ്. അവരുടെ പിന്തുണയും ത്യാ​ഗവും ഉള്ളതുകൊണ്ടാണ് ഈ മേഖലയിൽ തനിക്ക് കഴിവ് തെളിയിക്കാനായതെന്നും ഡോ. ഐശ്വര്യ മധു വ്യക്തമാക്കുന്നു.

കാർഡിയാക് സർജൻ എന്നതിലുപരി മികച്ചൊരു ഡ്രമ്മർ കൂടിയാണ് ഡോ. ഐശ്വര്യ മധു. ജോലിസംബന്ധമായ തിരക്കുകൾക്കിടയിലും ഡ്രംസ് വായിക്കാനും കൂടുതൽ പഠിക്കാനും ഐശ്വര്യ സമയം കണ്ടെത്തുന്നുണ്ട്. മാത്രമല്ല കരി ഉപയോ​ഗിച്ചുള്ള ചിത്രരചനയും ഈ ഡോക്റ്റർക്ക് വശമുണ്ട്.

Story Highlights: achievements of Dr. Aishwarya Madhu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here