കാർഡിയാക് സർജറി ട്രെയിനിങ്ങിന്റെ രണ്ടാം ഘട്ടം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ; അപൂർവ നേട്ടവുമായി ഡോ. ഐശ്വര്യ മധു

കാർഡിയാക് സർജറി രംഗത്ത് മികവ് തെളിയിച്ച് കനേഡിയൻ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് കാനഡയിലെ കാൽഗറിയിൽ നിന്നുള്ള ഡോ. ഐശ്വര്യ മധു. ഈ യുവഡോക്റ്റർ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലാണ് കാർഡിയാക് സർജറി ട്രെയിനിങ്ങിന്റെ രണ്ടാം ഘട്ടം ചെയ്യാനൊരുങ്ങുന്നത്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് ഡോ. ഐശ്വര്യ ഈ അപൂർവ നേട്ടം കൈവരിച്ച് കനേഡിയൻ മലയാളികളുടെ അഭിമാനമാവുന്നത്.
ഇപ്പോൾ ഒന്റാറിയോയിലെ ഹാമിൽട്ടൺ ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ഐശ്വര്യ വരുന്ന ജൂണോടു കൂടി അമേരിക്കയിലെ ബോസ്റ്റണിലുള്ള ഹാർവാർഡ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ തന്റെ പരിശീലനം ആരംഭിക്കും. കാനഡ-കാൽഗറിയിൽ സ്ഥിര താമസമാക്കിയ മധു മേനോന്റെയും ലീന മധുവിന്റെയും മകളാണ് ഡോ. ഐശ്വര്യ മധു.
കുട്ടിക്കാലത്തേയുള്ള സ്വപ്നമായിരുന്നു കാർഡിയാക് സർജറിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതെന്ന് ഡോ. ഐശ്വര്യ മധു പറയുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയെന്നത് മനസിന് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. സർജറിയെപ്പറ്റി കേൾക്കുമ്പോൾത്തന്നെ എല്ലാവർക്കും പേടിയാണ്. അവർക്ക് ധൈര്യം കൊടുത്ത് രോഗത്തിൽ നിന്ന് മോചിപ്പിക്കുകയെന്നതാണ് പ്രധാനം.
99 ശതമാനം കഠിനാധ്വാനവും ഒരു ശതമാനം ഭാഗ്യവുമാണ് ഒരു ഡോക്റ്ററാവാൻ വേണ്ടത്. മികച്ച ഡോക്റ്ററാവുക എന്ന ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ വലിയ കഠിനാധ്വാനം ആവശ്യമാണ്. അതിന് കുറുക്കുവഴികളില്ല. തന്നെ ഈ നിലയിലെത്തിക്കുന്നതിൽ മാതാപിതാക്കൾ വഹിച്ച പങ്ക് വലുതാണ്. അവരുടെ പിന്തുണയും ത്യാഗവും ഉള്ളതുകൊണ്ടാണ് ഈ മേഖലയിൽ തനിക്ക് കഴിവ് തെളിയിക്കാനായതെന്നും ഡോ. ഐശ്വര്യ മധു വ്യക്തമാക്കുന്നു.
കാർഡിയാക് സർജൻ എന്നതിലുപരി മികച്ചൊരു ഡ്രമ്മർ കൂടിയാണ് ഡോ. ഐശ്വര്യ മധു. ജോലിസംബന്ധമായ തിരക്കുകൾക്കിടയിലും ഡ്രംസ് വായിക്കാനും കൂടുതൽ പഠിക്കാനും ഐശ്വര്യ സമയം കണ്ടെത്തുന്നുണ്ട്. മാത്രമല്ല കരി ഉപയോഗിച്ചുള്ള ചിത്രരചനയും ഈ ഡോക്റ്റർക്ക് വശമുണ്ട്.
Story Highlights: achievements of Dr. Aishwarya Madhu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here