Advertisement

ഉമയ്ക്ക് ആശംസകള്‍; ഇനിയും പാര്‍ട്ടിക്കൊപ്പം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്ന് ജോ ജോസഫ്

June 3, 2022
Google News 2 minutes Read
jo joseph sent wishes to uma thomas

ചരിത്ര വിജയത്തോടെ തൃക്കാക്കര തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉമാ തോമസിന് ആശംസകള്‍ നേര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്. തൃക്കാക്കരയുടെ ജനവിധി ഉള്‍ക്കൊള്ളുകയാണെന്ന് ജോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

വോട്ട് ചെയ്തവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചു ജോ ജോസഫ്. തെരഞ്ഞെടുപ്പില്‍ അഹോരാത്രം പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി. ഇനിയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും നാടിന്റെ നന്മയ്ക്കായി നിലയുറപ്പിക്കുകയും ചെയ്യുമെന്ന് ജോ ജോസഫ് കുറിപ്പില്‍ പറഞ്ഞു.

‘തൃക്കാക്കരയുടെ ജനവിധി ഉള്‍ക്കൊള്ളുകയും ശ്രീമതി ഉമ തോമസിന് ആശംസകള്‍ നേരുകയും ചെയ്യുന്നു. എനിക്ക് വോട്ട് ചെയ്തവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. ഇത്രയും നാള്‍ അഹോരാത്രം പ്രവര്‍ത്തിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി. എന്റെ പാര്‍ടിയോടൊപ്പം ഇനിയും കരുത്തോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും നാടിന്റെ നന്മയ്ക്കായി നിലയുറപ്പിക്കുകയും ചെയ്യും’.

72767 വോട്ടുകള്‍ നേടിയാണ് ചരിത്ര ഭൂരിപക്ഷത്തോടെ ഉമ തോമസ് തൃക്കാക്കരയില്‍ വിജയിച്ചത്.ജോ ജോസഫിന് 47752 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എ എന്‍ രാധാകൃഷ്ണന് 12955 വോട്ടുകള്‍ നേടി. മേല്‍പ്പറഞ്ഞവരില്‍ ആര്‍ക്കും വോട്ട് നല്‍കാന്‍ താല്‍പര്യമില്ലാതെ നോട്ടയ്ക്ക് കുത്തിയത് 1111 പേരാണ്.

Read Also: തൃക്കാക്കര യു.ഡി.എഫിന്റെ കോട്ട, ജനവിധി അം​ഗീകരിക്കുന്നു; കോടിയേരി

തെരഞ്ഞെടുപ്പ് പരാജയ കാരണമായി മന്ത്രി പി രാജീവ് ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയത് ഇടതുവിരുദ്ധ വോട്ടുകള്‍ ഉമ തോമസിലേക്ക് ഏകീകരിച്ചു എന്നാണ്. യുഡിഎഫിലേക്ക് കേന്ദ്രീകരിച്ച വോട്ടുകള്‍ ഏതെന്ന് പരിശോധിക്കുന്നതിനൊപ്പം തങ്ങളില്‍ നിന്ന് എങ്ങോട്ടെന്നറിയാതെ ചോര്‍ന്ന വോട്ടുകള്‍ കണ്ടെത്തുന്നതിന്റെ തിരക്കില്‍ കൂടിയാണ് എല്‍ഡിഎഫ്, എന്‍ഡിഎ ക്യാംപുകള്‍.

Story Highlights: jo joseph sent wishes to uma thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here