‘ആ കുഞ്ഞുപരിമളം എന്നെ ചുറ്റിപ്പറ്റുന്നില്ലല്ലോ, അതിന്റെ വേദന വലുതാണ്, ആശുപത്രി മുറിയില്‍ നിന്ന് അച്ഛമ്മയുടെ പിറന്നാള്‍ ആശംസകള്‍’; ഹൃദയം തൊടുന്ന കുറിപ്പുമായി ഉമാ തോമസ്

കലൂരില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യംവച്ച് നടത്തിയ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമാ തോമസ് എംഎല്‍എ പയ്യെ സുഖം പ്രാപിച്ചുവരികയാണ്. നീണ്ട ആശുപത്രിവാസക്കാലത്ത് തന്റെ മണ്ഡലത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളെക്കുറിച്ചും ഉമാ തോമസ് ഫേസ്ബുക്കിലൂടെ സംസാരിക്കാറുണ്ട്. ഉമാ തോമസുമായി ബന്ധപ്പെട്ട വാര്‍ത്തകളും ആശുപത്രിയില്‍ നിന്നുള്ള ഓരോ കുറിപ്പുകളും ചിത്രങ്ങളും വളരെ ആകാംഷയോടെയും പ്രാര്‍ത്ഥനകളോടെയുമാണ് ജനങ്ങള്‍ ഏറ്റെടുക്കാറുള്ളത്. അത്യപകടത്തെ അതിജീവിച്ചെങ്കിലും ആശുപത്രിയിലിങ്ങനെ കിടക്കുമ്പോള്‍ തനിക്ക് വ്യക്തിപരമായുണ്ടാകുന്ന ചില കുഞ്ഞ് വലിയ നഷ്ടങ്ങളെക്കുറിച്ച് പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ എഴുതുകയാണ് ഉമാ തോമസ്. കുഞ്ഞുമക്കളുടെ ഒന്നാം പിറന്നാളിന് അവര്‍ക്കരികില്‍ എത്താന്‍ കഴിയാതെ പോയ ഒരു അച്ഛമ്മയുടെ സങ്കടച്ഛായയുള്ള ഹൃദര്‍ശസ്പര്‍ശിയായ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ( uma thomas facebook post on grand children birthday)
മകന്റെ കുഞ്ഞുങ്ങളായ ഹേസലിന്റേയും എവ്‌ലിന്റേയും ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ കുറിച്ചാണ് ഉമാ തോമസിന്റെ പോസ്റ്റ്. ആശുപത്രി മുറിയില്‍ നിന്ന് മാലാഖകുഞ്ഞുങ്ങള്‍ക്ക് ദീര്‍ഘായുസ്സും സന്തോഷവും നേരുന്നതായി ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
Read Also: ‘ജനങ്ങൾക്ക് ഇനി സമാധാനമായി ഉറങ്ങാം, ഓപ്പറേഷൻ വയനാട് ദൗത്യം തുടരും’; എ.കെ ശശീന്ദ്രൻ
ഉമാ തോമസിന്റെ കുറിപ്പ് വായിക്കാം:
Hazel, Evlyn..
എന്റെ പ്രിയപ്പെട്ട കുഞ്ഞു മാലാഖമാര്‍
ഹെയ്‌സലിന്റെയും, എവിലിന്റെയും ഒന്നാം പിറന്നാളാണ് ഇന്ന്..
ഒന്നാം പിറന്നാള്‍ ആയതുകൊണ്ട് തന്നെ ആഴ്ചകള്‍ക്കും, മാസങ്ങള്‍ക്കും മുന്നേ ഞങ്ങള്‍ ഒരുപാട് പ്ലാന്‍ ചെയ്തു വച്ചിരുന്നതായിരുന്നു ജന്മദിനാഘോഷം ഏറ്റവും ഹൃദയംഗമായി നടത്തുന്നതിന്.
പക്ഷേ ഈശ്വരന്റെ ആഗ്രഹം മറ്റൊന്നായിപ്പോയി.
എങ്കിലും വലിയൊരു ആപത്തില്‍ നിന്നും ഈശ്വരന്‍ ഇത്രമേല്‍ രക്ഷിച്ചത് തന്നെ, എന്തൊക്കെയോ ദൗത്യങ്ങള്‍ ചെയ്യാന്‍ ബാക്കി വച്ചതുകൊണ്ടാകാം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു..
പി.ടി. യുടെ അസാന്നിധ്യവും ഈ പിറന്നാള്‍ ദിനത്തിലെ സങ്കടകരമായ മറ്റൊരു കാര്യം കൂടിയാണ്..
പി.ടി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ നാല് പേരുംകൂടി ഒരുമിച്ചു പിറന്നാള്‍ ആഘോഷിക്കുന്നതിനു കാഞ്ഞങ്ങാട് എത്തേണ്ടതായിരുന്നു..
ഈ പിറന്നാള്‍ ദിനത്തില്‍ നിങ്ങളുടെ കുഞ്ഞുപരിമളവും പുഞ്ചിരിയും എന്നെ ചുറ്റിപ്പറ്റിയില്ലെങ്കില്‍ പോലും, എന്റെ മനസ്സിന്റെ ഓരോ കോണിലും നിങ്ങള്‍ എപ്പോഴും ഉണ്ടാകും..
നിങ്ങള്‍ക്ക് ലോകത്തെ എല്ലാ സന്തോഷങ്ങളും കിട്ടാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു..
ഇന്നു നിങ്ങളുടെ സന്തോഷ ദിനത്തില്‍ എനിക്ക് നിങ്ങളുടെ അടുത്തെത്താന്‍ കഴിയാത്തിന്റെ വേദന ചെറുതല്ല..
എങ്കിലും ഈ ആശുപത്രി മുറിയില്‍ നിന്നും എന്റെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും നേരുകയാണ്..
ദൈവം നിങ്ങളെ എല്ലാ സന്തോഷങ്ങളാലും അനുഗ്രഹിക്കട്ടെ.. ദീര്‍ഘായുസ്സും ആരോഗ്യമുള്ള..,
പരസ്പരം സ്നേഹിക്കാനും ആദരിക്കാനും, പ്രകൃതിയോടും, മനുഷ്യരോടും സഹവര്‍ത്തിത്വത്തില്‍ ജീവിക്കാനും കഴിയുന്ന ഒരു ഭാവി ഉണ്ടാകട്ടെ ..
ആയുസ്സ് തന്ന ദൈവത്തിനു നന്ദി..
അച്ഛമ്മ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് നിങ്ങളെ കാണുന്നതിനും,അടുത്ത വര്‍ഷം നമുക്ക് ഒരുമിച്ചു ആഘോഷിക്കാനും സാധിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കണം..
ഒരിക്കല്‍ കൂടെ പി.ടിയുടെ, എന്റെ,വിഷ്ണുവിന്റെ, ബിന്ദുവിന്റെ,വിവേകിന്റെ, എല്ലാവരുടെയും പിറന്നാളാശംസകള്‍..
Story Highlights : uma thomas facebook post on grand children birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here