സെഞ്ച്വറി ഇല്ല, ഇഞ്ച്വറി; എൽ.ഡിഎഫിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ എൽ.ഡിഎഫിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സെഞ്ച്വറി ഇല്ല, ഇഞ്ച്വറി എന്ന അടിക്കുറിപ്പോടെ ഇടത് സ്ഥാനാർത്ഥി ഡോ. ജോ. ജോസഫിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ പോസ്റ്റിട്ടത്. പ്രചാരണത്തിനിടെ ഇടതുമുന്നണി ഉയർത്തിയ 100 സീറ്റ് നേടുമെന്ന ഫ്ലക്സിൽ നിന്ന് ഒന്ന് എഡിറ്റ് ചെയ്ത് മാറ്റി പൂജ്യം പൂജ്യം എന്നാക്കിയാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ ചിത്രം പങ്കുവെച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സജീവമായിരുന്നു. സിൽവർ ലൈനിന് എതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും സർക്കാർ സംവിധാനം മുഴുവനും ഇറങ്ങി പ്രവർത്തിച്ചിട്ടും യുഡിഎഫ് മികച്ച വിജയം നേടിയെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കര യു.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലമാണെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. എൽഡിഎഫിന് 2244 വോട്ടുകൾ മണ്ഡലത്തിൽ കൂടുകയാണ് ചെയ്തത്. ഇത്രയും വർദ്ധനവ് മാത്രമേ എൽ.ഡിഎഫിന് വരുത്താൻ കഴിഞ്ഞുള്ളൂ എന്നത് പോരായ്മയാണ്. ട്വന്റിട്വന്റി, ബി.ജെ.പി വോട്ടുകൾ ലഭിച്ചതിനാലാണ് യുഡിഎഫിന്റെ വോട്ടുകൾ വർദ്ധിച്ചത്. ബിജെപി വോട്ടുകൾ കുറഞ്ഞത് യുഡിഎഫിന് പോയി. ജനവിധി അംഗീകരിച്ച് തുടർപ്രവർത്തനം നടത്തും. പ്രതീക്ഷിച്ചതു പോലുള്ള മുന്നേറ്റം തൃക്കാക്കരയിൽ ഉണ്ടാക്കാൻ സാധിച്ചില്ലെന്നത് വാസ്തവമാണെന്നും കോടിയേരി വ്യക്തമാക്കി.
Read Also: തൃക്കാക്കര ഫലം: ദുർഭരണത്തിന് ജനം നൽകിയ താക്കീതെന്ന് കെ സി വേണുഗോപാൽ
പാർലമെന്റ് തെരഞ്ഞെടുപ്പിൽ 20ൽ 19 എണ്ണവും തോറ്റ ശേഷമാണ് എൽഡിഎഫ് 99 സീറ്റുമായി കേരളത്തിൽ അധികാരത്തിലെത്തിയതെന്നും
അതുപോലെ ശക്തമായി പാർട്ടി തിരിച്ചുവരുമെന്നും കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയ കാരണമായി മന്ത്രി പി രാജീവ് ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയത് ഇടതുവിരുദ്ധ വോട്ടുകൾ ഉമ തോമസിലേക്ക് ഏകീകരിച്ചു എന്നാണ്. യുഡിഎഫിലേക്ക് കേന്ദ്രീകരിച്ച വോട്ടുകൾ ഏതെന്ന് പരിശോധിക്കുന്നതിനൊപ്പം തങ്ങളിൽ നിന്ന് എങ്ങോട്ടെന്നറിയാതെ ചോർന്ന വോട്ടുകൾ കണ്ടെത്തുന്നതിന്റെ തിരക്കിൽ കൂടിയാണ് എൽഡിഎഫ്, എൻഡിഎ ക്യാംപുകൾ.
മൂന്ന് മുന്നണികൾക്ക് തൊട്ടുപിന്നിൽ വോട്ടുകൾ നേടിയിരിക്കുന്നത് നോട്ടയാണ്. ഉമ തോമസ് 72767, ജോ ജോസഫ് 47752, എ എൻ രാധാകൃഷ്ണൻ 12955 എന്നിങ്ങനെ വോട്ടുനേടിയപ്പോൾ മേൽപ്പറഞ്ഞവരിൽ ആർക്കും വോട്ട് നൽകാൻ താൽപര്യമില്ലാതെ നോട്ടയ്ക്ക് കുത്തിയത് 1111 പേരാണ്. മത്സരരംഗത്തുണ്ടായിരുന്ന പല സ്വതന്ത്ര സ്വാനാർത്ഥികളേക്കാൾ മുന്നിലാണ് നോട്ടയുടെ ഈ നില.
Story Highlights: No Century, Injury; Rahul mankootathil mocks LDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here