Advertisement

യു.ഡി.എഫ് തിരിച്ച് വരും, തൃക്കാക്കരയ്ക്ക് കേരളത്തിന്റെ നന്ദി; ഷാഫി പറമ്പിൽ

June 3, 2022
1 minute Read

കോൺഗ്രസ്സ് കുടുംബം ഒറ്റക്കെട്ടായി ഇറങ്ങിയാൽ ഒരു അധികാര കേന്ദ്രത്തിന് മുന്നിലും മുട്ട് മടക്കേണ്ടി വരില്ലെന്ന് എം.എൽ.എ ഷാഫി പറമ്പിൽ. യു ഡി എഫ് ശക്തമായി തിരിച്ച് വരുമെന്നും തൃക്കാക്കരയ്ക്ക് ഒരിക്കൽ കൂടി കേരളത്തിന്റെ നന്ദിയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശനും യൂത്ത് കോൺ​ഗ്രസ് നേതാവ് മുഹമ്മദ് ഷിയാസിനും ഒപ്പം ആഹ്ലാദം പങ്കുവെയ്ക്കുന്ന ചിത്രവും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചു.

എൽ.ഡിഎഫിനെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തിയിരുന്നു. സെഞ്ച്വറി ഇല്ല, ഇഞ്ച്വറി എന്ന അടിക്കുറിപ്പോടെ ഇടത് സ്ഥാനാർത്ഥി ഡോ. ജോ. ജോസഫിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ പോസ്റ്റിട്ടത്. പ്രചാരണത്തിനിടെ ഇടതുമുന്നണി ഉയർത്തിയ 100 സീറ്റ് നേടുമെന്ന ഫ്ലക്സിൽ നിന്ന് ഒന്ന് എഡിറ്റ് ചെയ്ത് മാറ്റി പൂജ്യം പൂജ്യം എന്നാക്കിയാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ ചിത്രം പങ്കുവെച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സജീവമായിരുന്നു. സിൽവർ ലൈനിന് എതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും സർക്കാർ സംവിധാനം മുഴുവനും ഇറങ്ങി പ്രവർത്തിച്ചിട്ടും യുഡിഎഫ് മികച്ച വിജയം നേടിയെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഇന്ത്യൻ ദേശീയ ടീമിലൊരു സ്ഥാനം സഞ്ജു അർഹിക്കുന്നു; പിന്തുണയുമായി ഷാഫി പറമ്പിൽ

തൃക്കാക്കര യു.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലമാണെന്നും ജനവിധി അം​ഗീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. എൽഡിഎഫിന് 2244 വോട്ടുകൾ മണ്ഡലത്തിൽ കൂടുകയാണ് ചെയ്തത്. ഇത്രയും വർദ്ധനവ് മാത്രമേ എൽ.ഡിഎഫിന് വരുത്താൻ കഴിഞ്ഞുള്ളൂ എന്നത് പോരായ്മയാണ്. ട്വന്റിട്വന്റി, ബി.ജെ.പി വോട്ടുകൾ ലഭിച്ചതിനാലാണ് യുഡിഎഫിന്റെ വോട്ടുകൾ വർദ്ധിച്ചത്. ബിജെപി വോട്ടുകൾ കുറഞ്ഞത് യുഡിഎഫിന് പോയി. ജനവിധി അം​ഗീകരിച്ച് തുടർപ്രവർത്തനം നടത്തും. പ്രതീക്ഷിച്ചതു പോലുള്ള മുന്നേറ്റം തൃക്കാക്കരയിൽ ഉണ്ടാക്കാൻ സാധിച്ചില്ലെന്നത് വാസ്തവമാണെന്നും കോടിയേരി വ്യക്തമാക്കി.

മൂന്ന് മുന്നണികൾക്ക് തൊട്ടുപിന്നിൽ വോട്ടുകൾ നേടിയിരിക്കുന്നത് നോട്ടയാണ്. ഉമ തോമസ് 72767, ജോ ജോസഫ് 47752, എ എൻ രാധാകൃഷ്ണൻ 12955 എന്നിങ്ങനെ വോട്ടുനേടിയപ്പോൾ മേൽപ്പറഞ്ഞവരിൽ ആർക്കും വോട്ട് നൽകാൻ താൽപര്യമില്ലാതെ നോട്ടയ്ക്ക് കുത്തിയത് 1111 പേരാണ്.

Story Highlights: UDF will return; Shafi Parampil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top