വീണ്ടും വാർത്തയായി സിൽവർ ലൈൻ; പദ്ധതി ഉപേക്ഷിക്കില്ലെന്ന് സിപിഐഎം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ സിൽവർ ലൈൻ വീണ്ടും വാർത്തയാവുകയാണ്. സിൽവർ ലൈൻ ഉപേക്ഷിക്കില്ലെന്നാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവകാശപ്പെടുന്നത്. പദ്ധതിക്കെതിരായ വിധിയെഴുത്തെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സർവേക്കായി കല്ലിടുന്നതിൽ നിന്ന് സർക്കാർ പിന്മാറുകയും ജിയോടാഗ് സർവേയിലേക്ക് മാറുകയും ചെയ്തിരുന്നു.
സില്‍വര്‍ലൈന്‍ ചര്‍ച്ചയാക്കി തൃക്കാക്കരയിലേത് വികസനവാദികളും വികസനവിരോധികളും തമ്മിലുള്ള മത്സരമാണെന്ന പ്രചരണത്തിന് തുടക്കമിട്ടത് സിപിഎമ്മാണ്. എന്നാല്‍ കല്ലിടലും പൊലീസ് നടപടിയുമടക്കം വിഷയമായ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കൈപൊള്ളി. പരാജയത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കോടിയേരി ബാലകൃഷ്ണന്‍ സിൽവർ ലൈൻ ഉപേക്ഷിക്കില്ലെന്ന് ആവര്‍ത്തിച്ചെങ്കിലും ശബ്ദത്തിന് മുന്‍പത്തെ ഉറപ്പ് പോരായിരുന്നു. പഴയ വേഗം ഇനി സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഉണ്ടാകില്ലെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കല്ലിടലും കൈയ്യാങ്കളിയും പരമാവധി ഒഴിവാക്കി ജിയോടാഗ് സംവിധാനത്തിലേക്ക് സാമൂഹികാഘാത പഠനം കേന്ദ്രീകരിക്കാനാണ് സാധ്യത. കേന്ദ്ര അനുമതി കിട്ടുന്നതിലടക്കം അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളുമായൊരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനാകും സര്‍ക്കാരും ശ്രമിക്കുക.
Read Also: സിൽവർ ലൈൻ ഭൂമിയേറ്റെടുക്കൽ തുടങ്ങും; സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്
അതേസമയം തോല്‍വി വിലയിരുത്താന്‍ ചേരുന്ന യോഗങ്ങളില്‍ സില്‍വര്‍ലൈന്‍ പ്രധാന ചര്‍ച്ചാ വിഷയം തന്നെയാകും. പദ്ധതിയുടെ ഭാവി സംബന്ധിച്ച് പാര്‍ട്ടിയിലും മുന്നണിയിലും വിശദമായ ചര്‍ച്ചയുണ്ടാകുമെന്ന് നേതാക്കളുടെ ശരീരഭാഷയില്‍ തന്നെ വ്യക്തം. സിപിഐ പദ്ധതിക്കെതിരെ നിലപാട് കൂടുതല്‍ കടുപ്പിക്കാനും സാധ്യതയുണ്ട്. വിജയത്തിന്റെ കരുത്തില്‍ പ്രതിപക്ഷം സമരം ശക്തമാക്കാനും സാധ്യതയുണ്ട്. അതായത് ചര്‍ച്ചകള്‍ കൂടാതെ ഏകപക്ഷീയമായി ഇനിയും മുന്നോട്ട് പോക്ക് സാധ്യമല്ലെന്ന് സാരം.
Story Highlights: Kodiyeri balakrishnan On Silverline Project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here