ജോ റൂട്ടിനു സെഞ്ചുറി; ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു ജയം

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു ജയം. ജോ റൂട്ടിൻ്റെ തകർപ്പൻ സെഞ്ചുറിയാണ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 277 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഇതോടെ ക്യാപ്റ്റനായും പരിശീലകനുമായുള്ള തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയിക്കാൻ ബെൻ സ്റ്റോക്സിനും ബ്രെൻഡൻ മക്കല്ലത്തിനും സാധിക്കുകയും ചെയ്തു.
രണ്ടാം ഇന്നിംഗ്സിൽ ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ എന്നിവരുടെ ഇന്നിംഗ്സുകളാണ് ന്യൂസീലൻഡിനെ രക്ഷിച്ചത്. 4 വിക്കറ്റ് നഷ്ടത്തിൽ 56 റൺസെന്ന നിലയിൽ പതറിയ കിവീസിനെ അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് കരകയറ്റി. 95 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇരുവരും പങ്കാളികളായത്. 108 റൺസെടുത്ത മിച്ചൽ ടോപ്പ് സ്കോററായപ്പോൾ ബ്ലണ്ടൽ അർഹമായ സെഞ്ചുറിക്ക് 4 റൺസ് അകലെ പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി മാറ്റി പോട്ട്സ്, സ്റ്റുവർട്ട് ബ്രോഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിനു വേണ്ടി അലക്സ് ലീസ് (20) ഭേദപ്പെട്ട രീതിയിൽ തുടങ്ങിയെങ്കിലും സാക്ക് ക്രൗളി (9), ഒലി പോപ്പ് (10), ജോണി ബെയർസ്റ്റോ (16) എന്നിവർ വേഗം പുറത്തായത് അവർക്ക് തിരിച്ചടിയായി. എന്നാൽ, അഞ്ചാം വിക്കറ്റിൽ മുൻ ക്യാപ്റ്റൻ ജോ റൂട്ടും നിലവിലെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഉറച്ചുനിന്നു. 54 റൺസെടുത്ത് സ്റ്റോക്സ് പുറത്താവുമ്പോൾ സഖ്യം അഞ്ചാം വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർത്തിരുന്നു. ആറാം വിക്കറ്റിൽ ബെൻ ഫോക്സും ഉറച്ചുനിന്നതോടെ ഇംഗ്ലണ്ട് അനായാസം വിജയത്തിലെത്തി. 120 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് സഖ്യം പടുത്തുയർത്തിയത്. ഇതിനിടെ റൂട്ട് തൻ്റെ സെഞ്ചുറിയും തികച്ചു. റൂട്ടിനൊപ്പം ഫോക്സും (32) നോട്ടൗട്ടാണ്.
Story Highlights: england won test match new zealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here